MANORAMA

ജർമനിയിലെ പഠനവാഗ്ദാനം; റഷ്യയിൽ എത്തിച്ച് ലഹരിക്കടത്തിന് നിർബന്ധിച്ചെന്ന് വിദ്യാർഥികളുടെ പരാതി

കൊല്ലം∙ വിദേശത്ത് ഉപരിപഠനത്തിനും തൊഴിലിനുമുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയെടുക്കുകയും, വിദ്യാർഥികളെ മയക്കുമരുന്ന് മാഫിയയുടെ ഭാഗമാക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പെഫ്’ (PEF) എന്ന സ്ഥാപനത്തിനെതിരെ ചവറ പൊലീസ് കേസെടുത്തു. ആനന്ദ് (കൊല്ലം), ജസ്റ്റിൻ (പത്തനംതിട്ട), ബിമൽ (തിരുവനന്തപുരം), റിൻഷാദ് (മലപ്പുറം) എന്നീ ഇരുപതുകാരടങ്ങുന്ന സംഘമാണ് തട്ടിപ്പിനിരയായത്. ആനന്ദിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പെരിന്തൽമണ്ണയിലും ഈ സ്ഥാപനത്തിന് ശാഖയുണ്ട്. റഷ്യയിൽ നാലു മാസത്തോളം കൊടിയ ദുരിതങ്ങൾ അനുഭവിച്ച തങ്ങൾ, ഒടുവിൽ ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെയാണ് നാട്ടിലെത്തിയതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. മക്കൾ സുരക്ഷിതമായി തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണെങ്കിലും, അവരുടെ നഷ്ടപ്പെട്ട ഭാവിയെക്കുറിച്ചോർത്ത് ആശങ്കപ്പെടുകയാണ് കുടുംബങ്ങൾ. തട്ടിയെടുത്ത ആറു ലക്ഷം രൂപ തിരികെ ലഭ്യമാക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഈ ദുരനുഭവത്തെക്കുറിച്ച് വിദ്യാർഥികളും ബന്ധുക്കളും മനോരമ ഓൺലൈനിനോട് പങ്കുവെച്ച വിവരങ്ങൾ താഴെ:

∙ അഡ്മിഷൻ ലഭിച്ചത് റഷ്യൻ ഭാഷ പഠിക്കാൻ

‘‘ഓരോരുത്തരിൽ നിന്നും ആറു ലക്ഷം രൂപ വീതമാണ് ഈ സ്ഥാപനം ഈടാക്കിയത്. വലിയൊരു തുക വായ്പയായും മറ്റും കടം വാങ്ങിയാണ് ഞങ്ങൾ ഒപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ കണ്ട പരസ്യം വിശ്വസിച്ചാണ് പെഫുമായി ബന്ധപ്പെട്ടത്. തുടക്കത്തിൽ ജർമൻ ഭാഷ അഭ്യസിച്ച് വിദേശത്ത് തുടർപഠനം നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി ആദ്യം അൻപതിനായിരം രൂപ നൽകി. എന്നാൽ, ജർമനിയിലേക്ക് പോകാൻ ചില തടസ്സങ്ങളുണ്ടെന്നും അതിനാൽ റഷ്യയിൽ മറ്റൊരു കോഴ്സ് പൂർത്തിയാക്കണമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആറു ലക്ഷം രൂപ കൂടി തട്ടിയെടുക്കുകയായിരുന്നു. റഷ്യയിലെ സർവകലാശാലയിൽ പ്രവേശനം ഉറപ്പാക്കിയെന്നും ആഴ്ചയിൽ രണ്ടു ദിവസം മാത്രം ക്ലാസിൽ പോയാൽ മതിയെന്നും ബാക്കി അഞ്ചു ദിവസം ജോലി ചെയ്ത് പ്രതിദിനം 5000 റൂബിൾ വരുമാനം നേടാമെന്നും അവർ വാഗ്ദാനം നൽകി. വിശ്വസിച്ച് വീസ നടപടികൾ പൂർത്തിയാക്കി റഷ്യയിലേക്ക് പുറപ്പെട്ടു.

എന്നാൽ, റഷ്യയിലെത്തി സർവകലാശാലയിൽ റിപ്പോർട്ട് ചെയ്തപ്പോഴാണ് ചതി മനസ്സിലായത്. ഞങ്ങൾക്കായി എടുത്തത് റഷ്യൻ ഭാഷ പഠിക്കാനുള്ള കോഴ്സാണ്. ഒന്നര വർഷം നീളുന്ന ഈ പഠനകാലയളവിൽ ആഴ്ചയിൽ ആറു ദിവസവും ക്ലാസിൽ ഹാജരാകണം. നിയമപരമായി വിദ്യാർഥികൾക്ക് അവിടെ ജോലി ചെയ്യാൻ അനുവാദവുമില്ല. ഉടൻ തന്നെ പെഫ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും, സർവകലാശാലയുമായി മുൻകൂട്ടി ധാരണയുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ഫോണിൽ നിരന്തരം ബന്ധപ്പെട്ടപ്പോഴും അവർ കള്ളങ്ങൾ ആവർത്തിച്ചു. എന്നാൽ സർവകലാശാലാ അധികൃതരോട് അന്വേഷിച്ചപ്പോൾ, തങ്ങൾക്ക് ഇത്തരം ഒരു സ്ഥാപനത്തെക്കുറിച്ച് ഒരു അറിവുമില്ലെന്ന് അവർ വ്യക്തമാക്കി. കോഴ്സ് തുടരണമെങ്കിൽ തുടരാമെന്നും, അല്ലാത്തപക്ഷം നാട്ടിലേക്ക് മടങ്ങാമെന്നും സർവകലാശാല നിർദേശിച്ചതോടെയാണ് തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് പൂർണമായും ബോധ്യപ്പെട്ടത്.’’

Source link

Related Articles

Back to top button