മഹാരാജാസ് കോളജിൽ റോജി എം. ജോണിനെതിരെ എസ്എഫ്ഐ പ്രതിഷേധം; പ്രസംഗം തടസപ്പെടുത്തിയതോടെ മന്ത്രി മടങ്ങി

കൊച്ചി മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധം. കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ മന്ത്രി സ്വീകരിച്ച നിലപാടിനെതിരെയാണ് എസ്എഫ്ഐ നേതാക്കളും കോളജ് യൂണിയൻ പ്രതിനിധികളും പ്രതിഷേധവുമായി എത്തിയത്. സർവകലാശാലയുടെ നടപടികളെ പരസ്യമായി പിന്തുണച്ച മന്ത്രിയുടെ നിലപാടിനെതിരെ നടന്ന പ്രതിഷേധം കനത്തതോടെ ചടങ്ങ് പൂർത്തിയാക്കാൻ കഴിയാതെ അദ്ദേഹം മടങ്ങി.
ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി സംസാരിക്കവേ, എസ്എഫ്ഐ പ്രവർത്തകർ ബാനറുകൾ ഉയർത്തി വേദിക്ക് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. ജനാധിപത്യപരമായ ഏത് രീതിയിലുള്ള സമരങ്ങളെയും താൻ മാനിക്കുന്നുവെന്നും പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നുമായിരുന്നു തുടക്കത്തിൽ മന്ത്രി പ്രതികരിച്ചത്. എന്നാൽ, മഹാരാജാസ് കോളജ് വൈസ് ചെയർപേഴ്സൻ നഫീസത്ത് മുസ്ലിയാരും മറ്റ് പ്രവർത്തകരും ചേർന്ന് മന്ത്രിയോട് നേരിട്ട് വിശദീകരണം ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വേദിയിൽ നിന്ന് തന്നെ മറുപടി നൽകണമെന്നാവശ്യപ്പെട്ട് വൈസ് ചെയർപേഴ്സൻ വേദിയിലേക്ക് കയറിയത് ബഹളത്തിന് വഴിവെച്ചു. ചടങ്ങ് കഴിഞ്ഞ ശേഷം മറുപടി നൽകാമെന്ന് മന്ത്രി പറഞ്ഞെങ്കിലും വഴങ്ങാൻ വിദ്യാർഥികൾ തയ്യാറായില്ല. ഇതിനിടെ മൈക്കിലൂടെ സംസാരിക്കാൻ ശ്രമിച്ച വിദ്യാർഥിയുടെ മൈക്ക് ഓഫ് ചെയ്തതോടെ കാര്യങ്ങൾ കയ്യാങ്കളിയിലേക്കും ഉന്തും തള്ളിലേക്കും നീങ്ങി.
ചടങ്ങ് അലങ്കോലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മന്ത്രിയുടെ മറുപടി ലഭിച്ചാൽ മടങ്ങാൻ തയ്യാറായിരുന്നുവെന്നുമാണ് വിദ്യാർഥികളുടെ വാദം. എന്നാൽ താൻ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ എന്നും ഉൾക്കൊള്ളുന്നയാളാണെന്നും, അതുകൊണ്ടാണ് ബാനറുകൾ ഉയർത്തിയപ്പോൾ മൗനം പാലിച്ചതെന്നും റോജി എം. ജോൺ പറഞ്ഞു. ചടങ്ങ് പൂർത്തിയാക്കിയ ശേഷം മറുപടി നൽകാമെന്ന് ഉറപ്പുനൽകിയിട്ടും വിദ്യാർഥികൾ അച്ചടക്കമില്ലാത്ത പെരുമാറ്റമാണ് കാഴ്ചവെച്ചത്. കാലടി സർവകലാശാലയിൽ നടന്നത് സമരത്തിന്റെ മറവിലുള്ള അക്രമമാണെന്നും, സിൻഡിക്കറ്റ് യോഗം പോലും ചേരാനാവാത്ത വിധം നടക്കുന്ന ഗുണ്ടായിസത്തിന് മുന്നിൽ കീഴടങ്ങാൻ താൻ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. എസ്എഫ്ഐ ആയാലും ശരി, ഏതെങ്കിലും സംഘടന ഇത്തരം പരിപാടികളിൽ അഴിഞ്ഞാടാമെന്ന് കരുതേണ്ടെന്നും അദ്ദേഹം ആഞ്ഞടിച്ചു.
സ്ഥിതിഗതികൾ വഷളായതോടെ പോലീസിന്റെ സഹായത്തോടെ മന്ത്രിയെ സുരക്ഷിതമായി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. മന്ത്രിക്ക് ചടങ്ങിൽ പൂർണ്ണമായി പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് പരിപാടി പൂർത്തിയാക്കി. അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ കോളജ് അധികൃതർ കർശനമായ അച്ചടക്ക നടപടികൾ കൈക്കൊള്ളുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.



