MANORAMA

ദുബായിൽ ഉറക്കത്തിലേക്ക് വഴുതിയ ഡ്രൈവർ: ട്രക്ക് മെറ്റൽ ബാരിയറിലിടിച്ചു

ദുബായ് എമിറേറ്റ്സ് റോഡിൽ (ഇ611) അമിതക്ഷീണത്തെത്തുടർന്ന് ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് ട്രക്ക് നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായി. ദുബായ് ഫ്ലൈ ഓവറിന് സമീപത്തുവെച്ച് അബുദാബി ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെയുണ്ടായ ഉറക്കച്ചടവ് കാരണം ഡ്രൈവർക്ക് വാഹനത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും, വാഹനം പാതയിൽ നിന്ന് മാറി മെറ്റൽ ബാരിയറിലേക്ക് ഇടിക്കുകയുമായിരുന്നു.

വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർക്ക് അനുഭവപ്പെടുന്ന തളർച്ചയും ഉറക്കവും അവരുടെ പെട്ടെന്നുള്ള തീരുമാനമെടുക്കാനുള്ള കഴിവിനെ സാരമായി ബാധിക്കുമെന്ന് ദുബായ് പൊലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ നിമിഷനേരത്തെ അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് വഴിവെച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ദീർഘദൂര യാത്രകൾക്ക് പുറപ്പെടുന്നതിന് മുൻപ് ഡ്രൈവർമാർ കൃത്യമായ വിശ്രമം ഉറപ്പാക്കണം. യാത്രയ്ക്കിടയിൽ ക്ഷീണമോ ഉറക്കമോ അനുഭവപ്പെട്ടാൽ ഒട്ടും വൈകാതെ വാഹനം സുരക്ഷിതമായ ഒരിടത്ത് ഒതുക്കി നിർത്തി വിശ്രമിക്കാൻ തയ്യാറാകണം. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഉത്തരവാദിത്തമുള്ള ഡ്രൈവിങ് ശീലങ്ങൾ വളർത്തുന്നതിനുമായി ദുബായ് പൊലീസ് ഒരുക്കിയിരിക്കുന്ന ‘അമാൻ റോഡ്സ്’ (www.amanroads.gov.ae) എന്ന ബോധവൽക്കരണ പോർട്ടലിന്റെ സേവനങ്ങൾ എല്ലാ ഡ്രൈവർമാരും പ്രയോജനപ്പെടുത്തണമെന്നും അധികൃതർ നിർദേശിച്ചു.

Source link

Related Articles

Back to top button