ഐഡിബിഐ ബാങ്ക് വിൽപന: രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി നിർമല സീതാരാമൻ

ന്യൂഡൽഹി: ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെ വിമർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത്. മുൻ കോൺഗ്രസ് ഭരണകൂടങ്ങൾ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി വൻകിട വ്യവസായികൾക്ക് നിയമവിരുദ്ധമായി വായ്പകൾ നൽകാൻ പൊതുമേഖലാ ബാങ്കുകളെ ഉപകരണമാക്കുകയായിരുന്നുവെന്ന് മന്ത്രി ആരോപിച്ചു. എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്നശേഷം സുതാര്യമായ ഭരണത്തിലൂടെ ബാങ്കിനെ തിരിച്ചുപിടിക്കാൻ സാധിച്ചുവെന്നും അവർ അവകാശപ്പെട്ടു.
അങ്ങേയറ്റം പ്രതിസന്ധിയിലായിരുന്ന ഐഡിബിഐ ബാങ്കിനെയാണ് തങ്ങളുടെ സർക്കാർ ഏറ്റെടുത്തതെന്ന് വ്യക്തമാക്കിയ ധനമന്ത്രി, കൃത്യമായ ആസൂത്രണത്തിലൂടെയാണ് അതിനെ ലാഭത്തിലേക്ക് കൊണ്ടുവന്നതെന്നും കൂട്ടിച്ചേർത്തു. “കോൺഗ്രസ് നേതാക്കളുമായി അടുപ്പമുള്ള വൻകിട ബിസിനസ് ഭീമന്മാർക്ക് വായ്പ നൽകാൻ ബാങ്ക് അധികൃതർ നിർബന്ധിതരായിരുന്നു. ഇത് വലിയൊരു കിട്ടാക്കട ബാധ്യതയായി മാറി ബാങ്കിന്റെ അടിത്തറ തകർത്തു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 25,000 കോടിയിലധികം രൂപയുടെ മൂലധന സഹായം നൽകി ബാങ്കിനെ പുനരുജ്ജീവിപ്പിച്ചു. ഇന്ന് ഐഡിബിഐ ബാങ്ക് മികച്ച വളർച്ചയുടെ പാതയിലാണ്,” മന്ത്രി വ്യക്തമാക്കി.
“കോൺഗ്രസ് സർക്കാർ ബാങ്കുകൾ കെട്ടിപ്പടുക്കുമ്പോൾ, മോദി സർക്കാർ അവ വിറ്റഴിക്കുകയാണ് ചെയ്യുന്നത്” എന്ന് രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്ഫോമിലൂടെ വിമർശിച്ചിരുന്നു. ഐഡിബിഐ ബാങ്ക് ജീവനക്കാർക്കിടയിൽ പ്രചരിക്കുന്ന ഒരു കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.



