MANORAMA

സ്റ്റാർട്ടപ്പ് ലോകത്തെ വെല്ലുവിളികളും വിജയഗാഥയും: നൗറിനും റമീസ് അലിയും പങ്കുവെക്കുന്ന അനുഭവങ്ങൾ

കൊച്ചി: സംരംഭകത്വ മേഖലയിലെ തങ്ങളുടെ അനുഭവങ്ങളും വെല്ലുവിളികളും വിജയഗാഥകളും പങ്കുവെച്ച് രണ്ട് യുവ സംരംഭകർ. സ്റ്റാർട്ടപ്പ് ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഫെമിസേഫ് സഹസ്ഥാപക നൗറീൻ ഐഷയും ക്രാവ് (Krav) സ്ഥാപകൻ റമീസ് അലിയും തങ്ങളുടെ ജീവിതയാത്രയിലെ അപ്രതീക്ഷിത പ്രതിസന്ധികളെയും കോവിഡ് കാലത്തെ അഗ്നിപരീക്ഷകളെയും കുറിച്ചാണ് സദസ്സിനോട് സംസാരിച്ചത്. വെൽനെസ് ഉൽപ്പന്ന വിപണിയിലും വിദ്യാഭ്യാസ മേഖലയിലും പുതിയ സാധ്യതകൾ തേടിയവരാണ് ഇവർ. കൊച്ചിയിൽ സംഘടിപ്പിച്ച മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റിൽ ഹീൽ (Heal) സ്ഥാപകൻ രാഹുൽ മാമൻ ഏബ്രഹാം മോഡറേറ്ററായിരുന്നു.

വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുമ്പോൾ കുട്ടികളുടെ പഠനത്തിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് ഫൗണ്ടേഷൻ കോഴ്സുകൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഇവരുടെ തുടക്കം. വിവിധ രാജ്യങ്ങളിലെ ആവശ്യങ്ങൾക്കനുസൃതമായി ഉൽപ്പന്നങ്ങളിൽ നിരന്തരം മാറ്റങ്ങൾ വരുത്താനും അതിവേഗം പുതിയ കോഴ്സുകൾ രൂപകൽപ്പന ചെയ്ത് വിപണിയിൽ മുന്നേറാനും ഇവർക്ക് സാധിച്ചു. സ്റ്റാർട്ടപ്പ് യാത്രയിൽ നിക്ഷേപകരെ കണ്ടെത്തലും ഫണ്ട് സമാഹരണവും വലിയ പ്രതിസന്ധിയാണെങ്കിലും, കൃത്യമായ ബിസിനസ് മോഡലും മികച്ച ഉപഭോക്തൃ സേവനവും ഉറപ്പാക്കിയാൽ വിജയം കൈവരിക്കാമെന്ന് റമീസ് ചൂണ്ടിക്കാട്ടുന്നു. 2025-ൽ സ്വന്തം കമ്പനിയിൽ നിന്ന് എക്സിറ്റ് നേടിയ റമീസ്, ഇപ്പോൾ നടൻ നിവിൻ പോളിക്കൊപ്പം ‘ക്രാവ്’ എന്ന പുതിയ സംരംഭത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളിലാണ്.

കോവിഡ് പ്രതിസന്ധിയുടെ കാലത്താണ് ഭർത്താവിനൊപ്പം ചേർന്ന് നൗറീൻ ‘ഫെമിസേഫ്’ എന്ന സ്റ്റാർട്ടപ്പിന് തുടക്കമിടുന്നത്. ആ കാലഘട്ടത്തിലെ കഠിനമായ അധ്വാനത്തെക്കുറിച്ചും ഭാവി ലക്ഷ്യങ്ങളെക്കുറിച്ചും നൗറീൻ വാചാലയായി. സാനിറ്ററി പാഡുകൾ ലഭിക്കാൻ പ്രയാസമുണ്ടായിരുന്ന കോവിഡ് കാലത്ത് മെൻസ്ട്രുവൽ കപ്പുകളുമായി തുടങ്ങിയ ബിസിനസ്, ഇന്ന് ഒരു വമ്പൻ വെൽനെസ് ബ്രാൻഡായി വളർന്നു കഴിഞ്ഞു. സംരംഭത്തിന്റെ ആദ്യ വർഷം പാക്കിങ് മുതൽ കസ്റ്റമർ കെയർ, എച്ച്ആർ പ്രവർത്തനങ്ങൾ വരെയുള്ള എല്ലാ കാര്യങ്ങളും ഇവർ സ്വയം നിർവഹിച്ചു. പിന്നീട് ബിസിനസിന്റെ വളർച്ചയ്ക്കനുസരിച്ച് ചുമതലകൾ വിഭജിച്ച് മുന്നോട്ട് പോകുകയായിരുന്നു.

മെൻസ്ട്രുവൽ കപ്പുകളിലൂടെ ഉപഭോക്താക്കൾക്കിടയിൽ നേടിയെടുത്ത വിശ്വാസം, പിന്നീട് ബോഡി വാഷ് പോലുള്ള ഹൈ-ഫങ്ഷണൽ ഉൽപ്പന്നങ്ങളിലേക്കും മറ്റ് വെൽനെസ് ഉൽപ്പന്നങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഫെമിസേഫിന് കരുത്തായി. ഡിജിറ്റൽ മാർക്കറ്റിങ്ങിനായും മെറ്റ പോലുള്ള പ്ലാറ്റ്‌ഫോമുകൾക്കായുമെല്ലാം വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് ഈ മേഖലയിലെ പ്രധാന വെല്ലുവിളിയാണെന്ന് നൗറീൻ പറയുന്നു. കസ്റ്റമർ അക്വിസിഷൻ കോസ്റ്റ് കൂടുതലായുള്ള ഈ വിപണിയിൽ, തുടക്കത്തിലെ നഷ്ടങ്ങളെയും തടസ്സങ്ങളെയും അതിജീവിച്ച് വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിങ്ങിന്റെയും കൃത്യമായ ബിസിനസ് തന്ത്രങ്ങളുടെയും പിൻബലത്തോടെ ബ്രാൻഡിനെ വിജയത്തിലേക്ക് നയിക്കുകയാണ് ഇവർ.

Source link

Related Articles

Back to top button