MANORAMA

4 ലക്ഷത്തിൽ നിന്ന് 100 കോടി ക്ലബ്ബിലേക്ക് എൽസോൾ; ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ, ഐപിഒ ലക്ഷ്യമിട്ട് ടിൻസു മാത്യു

കൊച്ചി: കേവലം നാല് ലക്ഷം രൂപയുടെ നിക്ഷേപത്തിൽ തുടങ്ങി, ഇന്ന് നൂറ് കോടി രൂപ വിറ്റുവരവുള്ള വമ്പൻ സോളാർ കമ്പനിയായി ‘എൽസോൾ പവർ സെല്യൂഷൻസ്’ വളർന്നുവന്ന നാൾവഴികൾ ബിസിനസ് ലോകത്തിന് വലിയൊരു പ്രചോദനമാണ്. എൻജിനീയറിങ് പഠനകാലത്ത് സഹോദരന്റെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സംശയങ്ങളാണ് ടിൻസു മാത്യു എന്ന സംരംഭകനെ ഈ മേഖലയിലേക്ക് വഴിതിരിച്ചുവിട്ടത്. മിന്നൽ സംരക്ഷണ സംവിധാനങ്ങളെക്കുറിച്ചുള്ള പഠനവും സ്വന്തം വീട്ടിൽ സോളാർ പാനൽ സ്ഥാപിച്ചതുമാണ് ഈ ബിസിനസ് ആശയത്തിന്റെ വിത്തിട്ടത്. പിന്നീട് സുഹൃത്തായ ലിബിനുമായി കൈകോർത്ത് പുനരുപയോഗ ഊർജ മേഖലയിലെ സാധ്യതകൾ മുതലെടുക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. മലയാള മനോരമ സമ്പാദ്യം ബിസിനസ് ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് ടിൻസു തന്റെ ഈ വിജയയാത്ര വിശദീകരിച്ചു.

സാമ്പത്തിക ഭദ്രതയോ ആഡംബരങ്ങളോ ഇല്ലാത്ത പശ്ചാത്തലത്തിൽ നിന്നാണ് ടിൻസുവും സുഹൃത്തും ഈ സംരംഭം കെട്ടിപ്പടുത്തത്. റബർ ടാപ്പിങ് തൊഴിലാളിയുടെയും നിർമ്മാണ തൊഴിലാളിയുടെയും മക്കളായ ഇവർ, സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വായ്പയെടുത്ത തുകയും പിഎം മുദ്ര യോജന വഴി ലഭിച്ച അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് ബിസിനസ് ആരംഭിച്ചത്. 2017-ൽ തുടക്കം കുറിച്ചെങ്കിലും 2018-ന്റെ തുടക്കത്തിൽ കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധികളെ അഭിമുഖീകരിച്ചു. പലരും ബിസിനസ് നിർത്തിവെക്കാൻ ഉപദേശിച്ചുവെങ്കിലും, സ്വന്തം ലക്ഷ്യബോധത്തിലും ആത്മവിശ്വാസത്തിലും വിട്ടുവീഴ്ച ചെയ്യാൻ ടിൻസു തയ്യാറായില്ല. ഉപഭോക്താക്കളുടെ വിശ്വാസം ആർജിച്ചതോടെ 2018-ന്റെ അവസാനത്തോടെ കമ്പനി ലാഭത്തിലേക്ക് കുതിച്ചു.

തുടക്കകാലത്ത് സോളാർ ഉൽപന്നങ്ങൾക്ക് വില കൂടുതലായിരുന്നെങ്കിലും, സർക്കാർ സബ്‌സിഡികളും കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകളും ലഭ്യമായതോടെ ഇത് സാധാരണക്കാരുടെ ബജറ്റിലും ഉൾപ്പെട്ടുവെന്ന് ടിൻസു വ്യക്തമാക്കുന്നു. ഉപഭോക്താക്കൾക്കിടയിലെ മികച്ച അഭിപ്രായങ്ങളും കൃത്യമായ സർവീസും വഴിയുള്ള ‘വേർഡ് ഓഫ് മൗത്ത്’ പബ്ലിസിറ്റിയാണ് കമ്പനിയുടെ വളർച്ചയിൽ നിർണ്ണായകമായത്. ബാറ്ററികൾ ഉപയോഗിച്ചുള്ള സങ്കീർണ്ണമായ സിസ്റ്റങ്ങളെക്കാൾ ലാഭകരമാണ് ‘ഓൺ-ഗ്രിഡ്’ സിസ്റ്റങ്ങളെന്ന് തിരിച്ചറിഞ്ഞ ടിൻസു, അത് ഉപഭോക്താക്കളെ സത്യസന്ധമായി ബോധ്യപ്പെടുത്തി ആ മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് വിപണിയിൽ വലിയ സ്വീകാര്യതയാണ് കമ്പനിക്ക് നേടിക്കൊടുത്തത്.

പ്രതിസന്ധികളെ മറികടന്ന് മുന്നേറിയ എൽസോൾ, സഞ്ജു സാംസണെപ്പോലെയുള്ള താരങ്ങളെ ബ്രാൻഡ് അംബാസഡർമാരാക്കി മികച്ച വിപണന തന്ത്രങ്ങൾ ആവിഷ്കരിച്ചു. ഇന്ന് ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലും മൂന്ന് വിദേശ രാജ്യങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. “കേരളത്തിൽ ഗാർഹികവും വാണിജ്യപരവുമായി ഒന്നരക്കോടി ഉപഭോക്താക്കൾ ഉണ്ടെങ്കിലും, നാല് ലക്ഷം പേർ മാത്രമാണ് ഇതുവരെ സോളാർ സംവിധാനങ്ങളിലേക്ക് മാറിയിട്ടുള്ളത്. അതിനാൽ ഈ മേഖലയിൽ വമ്പിച്ച വികസന സാധ്യതകളാണുള്ളത്. ഈ അവസരങ്ങൾ ശരിയായി ഉപയോഗപ്പെടുത്തണം. കമ്പനിയെ അടുത്ത ഘട്ടത്തിലേക്ക് വളർത്താൻ സ്വകാര്യ-പൊതുമേഖലാ ഫണ്ടുകൾ സമാഹരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. കൺസൾട്ടന്റുകളുടെ നിർദ്ദേശപ്രകാരം എസ്എംഇ ഐപിഒ ഒഴിവാക്കി, അടുത്ത രണ്ട്-മൂന്ന് വർഷത്തിനുള്ളിൽ ‘മെയിൻ ബോർഡ്’ വഴി ഐപിഒ നടത്താനാണ് ഞങ്ങളുടെ തീരുമാനം,” ടിൻസു കൂട്ടിച്ചേർത്തു.

Source link

Related Articles

Back to top button