MANORAMA

കർണാടകയിൽ എസ്ഐആർ അനുകൂല നിലപാടുമായി കോൺഗ്രസ് മന്ത്രി: പുറത്തുപോയവർ ഒഴിവാക്കപ്പെടേണ്ടവർ എന്ന് പ്രതികരണം

ബെംഗളൂരു∙ കർണാടകയിൽ വോട്ടർപട്ടികയിൽനിന്ന് ഏകദേശം 99.3 ലക്ഷം പേരെ ഒഴിവാക്കിയ ‘എസ്ഐആർ’ (SIR) നടപടിക്ക് പൂർണ പിന്തുണയുമായി സംസ്ഥാന മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സതീഷ് ജാർക്കിഹോളി രംഗത്തെത്തി. കർണാടകയിൽ വളരെ കൃത്യമായാണ് ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നും, മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പോലുള്ള സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ വോട്ടർപട്ടിക ശുദ്ധീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടർപട്ടികയിൽനിന്ന് വോട്ടർമാരെ ഒഴിവാക്കിയതിനെതിരെ കർണാടക കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ് തന്നെ സംശയങ്ങൾ ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ്, സർക്കാരിന്റെ ഭാഗമായ ജാർക്കിഹോളിയുടെ ഈ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നത്.

എസ്ഐആർ നടപടിക്രമങ്ങളിൽ വൻ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായി നവംബർ ഒന്നിന് ഡൽഹിയിൽ ഇന്ത്യാസഖ്യത്തിന്റെ നേതൃത്വത്തിൽ വൻ റാലി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതുതായി പുറത്തിറക്കിയ വോട്ടർപട്ടികയിൽ വോട്ടർമാരുടെ എണ്ണം 5.54 കോടിയിൽ നിന്ന് 4.55 കോടിയായി ചുരുങ്ങിയത് വലിയ ചർച്ചയായിരുന്നു. ഇതിനിടയിലാണ് വിവാദ പരാമർശവുമായി മന്ത്രി എത്തിയത്.

അതേസമയം, മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തുകൊണ്ട് ബിജെപി രംഗത്തുവന്നു. നിയമവിധേയവും സുതാര്യവുമായ നടപടിയാണ് എസ്ഐആർ വഴി നടന്നതെന്നും, വെറുതെ വിവാദങ്ങൾ ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി വക്താവ് ജി.എസ്. പ്രശാന്ത് കുറ്റപ്പെടുത്തി. ഈ നടപടിയിൽ യാതൊരുവിധ ഗൂഢാലോചനയും ഇല്ലെന്ന് ജാർക്കിഹോളിക്ക് കൃത്യമായി മനസ്സിലായെന്നും, അദ്ദേഹം നടത്തിയ ഈ തുറന്നുപറച്ചിൽ സ്വന്തം പാർട്ടിക്ക് നൽകുന്ന വ്യക്തമായ സന്ദേശമാണെന്നും പ്രശാന്ത് പരിഹസിച്ചു.

Source link

Related Articles

Back to top button