യുഎഇയിൽ ലഹരിക്കേസിൽ പിടിയിലായ ഹക്കീമിനെ പരിഹസിച്ച് ആന്റണി വർഗീസ്; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി നടന്റെ പോസ്റ്റ്

ലഹരി മാഫിയകൾക്കും സാമൂഹിക തിന്മകൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ നിരന്തരം ശബ്ദമുയർത്തിയിരുന്ന വ്ളോഗർ അബ്ദുൾ ഹക്കീം, ലഹരി ഉപയോഗിക്കുന്നതിനിടെ യുഎഇ പൊലീസിന്റെ പിടിയിലായി. ‘കിക്ക്’ എന്ന പ്ലാറ്റ്ഫോമിൽ ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ അബദ്ധത്തിൽ ക്യാമറ ഓണായതോടെയാണ് ഇയാൾ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറംലോകം അറിഞ്ഞത്. ഉടൻ തന്നെ രാജ്യം വിടാൻ ശ്രമിച്ചെങ്കിലും, വിവരം അറിഞ്ഞ യുഎഇ പൊലീസ് ഇയാളെ പിന്തുടർന്നു പിടികൂടുകയായിരുന്നു.
ഈ സംഭവത്തിൽ പരിഹാസരൂപേണയുള്ള പ്രതികരണവുമായി നടൻ ആന്റണി വർഗീസ് (പെപ്പെ) രംഗത്തെത്തിയിട്ടുണ്ട്. ‘നല്ലൊരു പാവം മനുഷ്യനായിരുന്നു, ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് അറസ്റ്റ് വാർത്ത പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. നേരത്തെ ‘എന്റെ കാസറ്റ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അബ്ദുൾ ഹക്കീം, ആന്റണി വർഗീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഒരു പെൺകുട്ടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ചു എന്നാരോപിച്ച് ആന്റണിയുടെ സ്വകാര്യ ചാറ്റുകൾ ഇയാൾ ഇൻസ്റ്റഗ്രാം വഴി പുറത്തുവിട്ടത് വലിയ വിവാദമായിരുന്നു.
Source link


