മിനി കൂപ്പർ അപകടം: വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി മഞ്ജു പിള്ള

മഞ്ജു പിള്ളയും മകൾ ദയ സുജിത്തും
കൊച്ചിയിൽ നടന്ന മിനി കൂപ്പർ അപകടവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങളിൽ ഉണ്ടായ ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് നടി മഞ്ജു പിള്ള രംഗത്ത്. മകൾ ദയ സുജിത്തിന്റെ വ്ലോഗിലൂടെയാണ് അപകടത്തെക്കുറിച്ച് താരം ആദ്യം സംസാരിച്ചിരുന്നത്. എന്നാൽ, ആ വീഡിയോയിലെ ചില കാര്യങ്ങൾ വിവാദമായതോടെ വിശദീകരണവുമായി നടി വീണ്ടും എത്തിയിരിക്കുകയാണ്.
‘ഇതാണ് ഞാൻ ഉദ്ദേശിച്ചത്. അപകടത്തിൽപ്പെട്ട ആ മൂന്ന് കുട്ടികളുടെയും കുടുംബത്തിന് വേണ്ടിയാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. ദയവുചെയ്ത് വസ്തുതകൾ വളച്ചൊടിക്കരുത്. നന്ദി’ – എന്ന കുറിപ്പോടെയാണ് ദയ സുജിത്ത് പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ജീവൻ നഷ്ടപ്പെട്ട ആ മൂന്ന് കുട്ടികളും ഒരിക്കലും ഇങ്ങനെയൊരു ദുരന്തം പ്രതീക്ഷിച്ചല്ല യാത്ര തുടങ്ങിയത്. അപകടത്തിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് ഉയർന്നുവന്നത്. പ്രത്യേകിച്ച്, രണ്ട് ഹിന്ദു പെൺകുട്ടികൾ എങ്ങനെ ഒരു മുസ്ലിം യുവാവിനൊപ്പം യാത്ര ചെയ്തു എന്ന ചോദ്യത്തെ വിവരക്കേട് എന്ന് മാത്രമേ വിളിക്കാൻ സാധിക്കൂ. അവർ വിദ്യാസമ്പന്നരും ജോലി ചെയ്യുന്നവരുമാണ്.’
‘മൂന്നുപേരും കൂടി ബൈക്കിൽ സഞ്ചരിച്ചതിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ഹെൽമെറ്റ് വെക്കാതെ യാത്ര ചെയ്തത് തെറ്റ് തന്നെയാണ്. എന്നാൽ അവിടെ മതത്തിന്റെ പേരിൽ വേർതിരിവ് കാണിക്കുന്നതെന്തിനാണ്? അന്യമതസ്ഥനായ ഒരു യുവാവിനൊപ്പം എന്തിന് യാത്ര ചെയ്തു എന്നല്ല, മറിച്ച് മൂന്ന് പേർ ഒരുമിച്ച് എന്തിന് യാത്ര ചെയ്തു എന്നതാണ് പ്രസക്തമായ ചോദ്യം. രാത്രിയിലെ യാത്രയല്ല, ഹൈവേയിലൂടെ മൂന്ന് പേർ ഒരുമിച്ച് പോയതാണ് ശ്രദ്ധിക്കേണ്ടത്. അസമയത്ത് അന്യമതസ്ഥനൊപ്പം യാത്ര ചെയ്തു എന്ന് ചോദിക്കുന്നത് അങ്ങേയറ്റം തെറ്റായ പ്രവണതയാണ്. നിയമപ്രകാരം രാത്രിയിൽ മൂന്ന് പേർ ഒരു ബൈക്കിൽ സഞ്ചരിക്കാൻ പാടില്ല എന്നത് തന്നെയാണ് പ്രധാന വിഷയം. സത്യം വിജയിക്കട്ടെ’ – എന്നാണ് വീഡിയോയിലൂടെ മഞ്ജു പിള്ള വ്യക്തമാക്കിയത്.
Source link


