ഷെയ്ഖ് ഹസീനയുടെ യാത്രയും ബംഗ്ലാദേശ് വ്യോമസേന ഉദ്യോഗസ്ഥന്റെ മരണവും: ദുരൂഹത നീങ്ങുന്നു

ധാക്ക∙ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാരോപിക്കപ്പെടുന്ന വ്യോമസേന മുൻ ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കെ.എം. തഹ്സിഫ് സൗരി എന്ന ഇരുപത്തിയെട്ടുകാരന്റെ മൃതദേഹമാണ് നദിയിൽ നിന്നും കണ്ടെടുത്തത്. ചൊവ്വാഴ്ച മുതൽ യുവാവിനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
വ്യോമസേനയിൽ ഫ്ലൈറ്റ് ലഫ്റ്റനന്റായി സേവനമനുഷ്ഠിച്ചിരുന്ന തഹ്സിഫ്, സംഭവദിവസം അമ്മയ്ക്കൊപ്പം സാധനങ്ങൾ വാങ്ങാൻ പുറത്തുപോയിരുന്നു. ഇതിനിടെ സുഹൃത്തിന്റെ ഫോൺ കോൾ വന്നതിനെത്തുടർന്ന് തഹ്സിഫ് അയാൾക്കൊപ്പം പോവുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ‘പ്രോതോം അലോ’ എന്ന പത്രത്തോട് വെളിപ്പെടുത്തി. പിന്നീട് ബന്ധുക്കൾ വിളിച്ചെങ്കിലും ഫോണിൽ ലഭ്യമായില്ല. പുലർച്ചെ ഒന്നരയോടെ താൻ വീട്ടിലേക്ക് മടങ്ങുകയാണെന്ന സന്ദേശം അമ്മയുടെ ഫോണിലേക്ക് വന്നെങ്കിലും, തഹ്സിഫ് വീട്ടിലെത്തിയില്ല. പിറ്റേന്ന് തുരാഗ് നദിയിലാണ് മൃതദേഹം കാണപ്പെട്ടത്.
ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. “എന്റെ സഹോദരനെ കൊന്നു കളഞ്ഞു. അവൻ ചെയ്ത കുറ്റമെന്താണ്? ഹസീന പലായനം ചെയ്യുന്നതിന്റെ വിഡിയോ പങ്കുവെച്ചതോ? അത് അവൻ ചിത്രീകരിച്ച വിഡിയോ പോലുമല്ല. വെറുമൊരു പൗരൻ എന്ന നിലയിൽ ലഭ്യമായ ദൃശ്യം പങ്കുവെക്കുക മാത്രമാണ് അവൻ ചെയ്തത്. ആ വിഡിയോ പകർത്തിയത് അവന്റെ സഹപ്രവർത്തകനാണ്,” സഹോദരി മൊഷ്ഫെക ജഹാൻ ഫെയ്സ്ബുക്കിൽ വേദനയോടെ കുറിച്ചു.




