തമിഴ്നാട്ടിൽ ഒരാഴ്ചയ്ക്കിടെ രണ്ട് ജയിൽചാട്ടങ്ങൾ: ജയിൽ ഡിജിപിക്ക് സ്ഥാനചലനം

ചെന്നൈ∙ തമിഴ്നാട്ടിലെ വിവിധ ജയിലുകളിൽനിന്നായി ഒരാഴ്ചയ്ക്കിടെ തടവുകാർ ചാടിപ്പോയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജയിൽ വകുപ്പിൽ ഉന്നതതല അഴിച്ചുപണി. ജയിൽ ഡിജിപി സ്ഥാനത്തുനിന്ന് സന്ദീപ് റായ് റാത്തോഡിനെ മാറ്റി നിയമിച്ചു. ഇദ്ദേഹത്തെ തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷന്റെ ഡിജിപിയും ചീഫ് വിജിലൻസ് ഓഫിസറുമായാണ് പുതിയതായി നിയമിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിന് പകരമായി എൻഫോഴ്സ്മെന്റ് ബ്യൂറോ എഡിജിപി ആയിരുന്ന കെ. ശങ്കറിനെ പുതിയ ജയിൽ ഡിജിപിയായി സർക്കാർ ചുമതലപ്പെടുത്തി. സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. കാർത്തിക് വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ഒക്ടോബർ 20-ന് ചെന്നൈയ്ക്കടുത്തുള്ള പുഴൽ അതീവ സുരക്ഷാ ജയിലിൽനിന്ന് രണ്ട് തടവുകാർ സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. സംഭവത്തെത്തുടർന്ന് ഏഴ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിൽ രണ്ട് ദിവസത്തിന് ശേഷമാണ് ഇവരെ വീണ്ടും പിടികൂടാൻ സാധിച്ചത്.



