തുറമുഖത്ത് വറ്റച്ചാകര: 45 കിലോ തൂക്കമുള്ള മീനുകൾക്ക് വൻ ഡിമാൻഡ്; മൂന്ന് ദിവസത്തിനിടെ 12 കോടിയുടെ വിറ്റുവരവ്

ചിറയിൻകീഴ് ∙ അപ്രതീക്ഷിതമായി കടലിൽ ലഭിച്ച വറ്റ മീനുകളുടെ വൻ ശേഖരം അഞ്ചുതെങ്ങ്, പെരുമാതുറ തീരപ്രദേശങ്ങളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മീനുകൾ കൂട്ടത്തോടെ എത്തിയതിന്റെ സന്തോഷത്തിലാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഈ മേഖലയിലുള്ളവരും.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി വറ്റ മീനുകളുടെ ലഭ്യതയിൽ ഉണ്ടായ വലിയ വർധനവ് തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് മത്സ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കുറെ നാളുകളായി കടലിൽ പോകുന്നവർക്ക് ആവശ്യത്തിന് മത്സ്യങ്ങൾ ലഭിക്കാത്തത് ഈ മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. മീൻ പിടുത്തത്തിൽ നിന്നുള്ള വരുമാനം കുറഞ്ഞതോടെ, തൊഴിലാളികളുടെ കൂലി നൽകാനും എൻജിൻ ബോട്ടുകളുടെ പ്രവർത്തനച്ചെലവ് കണ്ടെത്താനും കഴിയാതെ പലരും വലഞ്ഞു. ഇതേത്തുടർന്ന് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായി മീൻപിടിത്തം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായ അവസ്ഥയിലായിരുന്നു ഇവർ.



