2.1 മില്യൺ ഫോളോവേഴ്സ്, പക്ഷേ കിട്ടിയത് 33 വോട്ട് മാത്രം; സോഷ്യൽ മീഡിയ താരത്തിന്റെ ദയനീയ തോൽവിയിൽ സോഷ്യൽ മീഡിയയിൽ ചിരിപ്പടക്കം

ജോധ്പുർ∙ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത് വൻ തിരിച്ചടി; ലഭിച്ചത് വെറും 33 വോട്ടുകൾ മാത്രം! രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലുള്ള ഇൻഡോൺ കി ധനി 2 ഗ്രാമപഞ്ചായത്തിലെ സർപാഞ്ച് തിരഞ്ഞെടുപ്പിലാണ് ഓംപ്രകാശ് ബിഷ്നോയി എന്ന ഇൻഫ്ലുവൻസർ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്.
ഇന്റർനെറ്റിലെ പ്രശസ്തിയും നേരിട്ടുള്ള ജനപിന്തുണയും തമ്മിൽ വലിയ അന്തരം ഉണ്ടെന്ന് ഫലം പുറത്തുവന്നതിനു പിന്നാലെ ബിഷ്നോയി തുറന്നുസമ്മതിച്ചു. ഗ്രാമവാസികളാണ് തന്നോട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടതെന്നും, വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് അവർ ഉറപ്പുനൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വോട്ടെണ്ണൽ ഫലം പുറത്തുവന്നപ്പോൾ താൻ ഞെട്ടിപ്പോയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഡിജിറ്റൽ ലോകവും യഥാർഥ ജീവിതവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എനിക്ക് ലഭിച്ച 33 വോട്ടുകളിൽ 11 എണ്ണം എന്റെ സ്വന്തം വീട്ടിൽ നിന്നുള്ളതാണ്. ബാക്കിയുള്ളവ എന്റെ അടുത്ത് ട്യൂഷന് പഠിക്കാൻ വരുന്നവരും എന്നോട് വളരെ അടുത്ത ബന്ധം പുലർത്തുന്നവരും ചെയ്തതാണ്,’’ ബിഷ്നോയി വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾക്ക് പുറത്ത് സാധാരണക്കാരായ മനുഷ്യരുമായി നേരിട്ട് ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഈ തിരഞ്ഞെടുപ്പ് അനുഭവം തന്നെ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


