MANORAMA

ഇറാനിൽ സൗദി മന്ത്രി, യുദ്ധഭീഷണിയിൽ ഈജിപ്തും; എണ്ണവിലയിൽ വൻ ഇടിവ്, ഇന്ത്യയ്ക്ക് ആശ്വാസമാകുമോ?

സൗദി പ്രതിരോധമന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ടെഹ്‌റാനിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സിൻ റെസായ് എന്നിവരുമായി ഖാലിദ് ബിൻ സൽമാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചകളിൽ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും തുർക്കി ഇന്റലിജൻസ് തലവൻ ഇബ്രാഹിം കാലിനും പങ്കെടുത്തു. എങ്കിലും മേഖലയിലെ സംഘർഷങ്ങൾ പൂർണമായി ശമിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നത് എണ്ണ, ഓഹരി വിപണികളിൽ ആശങ്ക പടർത്തുന്നുണ്ട്. ഇതിനിടെ, പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ-സിസിയുടെ നിർദ്ദേശപ്രകാരം സൗദിക്ക് സൈനിക സഹായം നൽകാൻ ഈജിപ്ത് പാർലമെന്റ് തീരുമാനിച്ചു. യുദ്ധവിമാനങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, നാവിക സുരക്ഷ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ വഴി ഈജിപ്ത് സൗദിക്ക് കരുത്ത് പകരും.

എണ്ണവിലയിലെ ഇടിവിനൊപ്പം ആഗോള ഓഹരി വിപണികളിലും സമ്മിശ്ര പ്രതികരണമാണ് കാണുന്നത്. യുഎസിൽ ഡൗ ജോൺസ് 0.28 ശതമാനവും നാസ്ഡാക് 0.83 ശതമാനവും എസ് ആൻഡ് പി500 സൂചിക 0.70 ശതമാനവും നേട്ടമുണ്ടാക്കി. എഐ രംഗത്തെ മുൻനിര കമ്പനിയായ ആന്ത്രോപിക് നാസ്ഡാക്കിൽ വമ്പൻ ഐപിഒയ്ക്കായി തയ്യാറെടുക്കുന്നു എന്ന വാർത്തയാണ് ടെക് ഓഹരികൾക്ക് കരുത്തായത്. ഇതേ തുടർന്ന് ജപ്പാനിലെ നിക്കേയ് 1.7 ശതമാനവും ദക്ഷിണ കൊറിയയിലെ കോസ്പി 3.8 ശതമാനവും കുതിച്ചു. ‘ANT’ എന്ന പേരിൽ അടുത്ത മാസം ലിസ്റ്റ് ചെയ്യാൻ സാധ്യതയുള്ള ആന്ത്രോപ്പിക്കിന്റെ നീക്കം എഐ ഓഹരികളിലെ വിൽപന സമ്മർദം കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. കോസ്പിയിലെ കുതിപ്പ് അമിതമായതോടെ വിപണിയിൽ താൽക്കാലികമായി വാങ്ങൽ നടപടികൾ നിർത്തിവെക്കുന്ന ‘ബൈ-സൈഡ് സൈഡ്കാർ’ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നു.

ഇന്ത്യൻ വിപണി ഇന്ന് നഷ്ടത്തോടെ തുടങ്ങുമെന്ന സൂചനയാണ് ഗിഫ്റ്റ് നിഫ്റ്റി നൽകുന്നത്; നൂറിലേറെ പോയിന്റ് (-0.45%) ഇടിവാണ് പ്രകടമാകുന്നത്. എണ്ണവില അൽപം കുറഞ്ഞെങ്കിലും ആഗോളതലത്തിലെ അനിശ്ചിതത്വവും ഇന്ത്യയിൽ പോസിറ്റീവ് വാർത്തകളുടെ അഭാവവും വിപണിക്ക് തിരിച്ചടിയാണ്. നാളെ യുഎസ് ഫെഡറൽ റിസർവ് പ്രഖ്യാപിക്കുന്ന പണനയം വരാനിരിക്കുന്ന ദിവസങ്ങളിൽ വിപണിയുടെ ഗതി നിശ്ചയിക്കും. പലിശനിരക്ക് മാറ്റമില്ലാതെ തുടരാനാണ് സാധ്യതയെങ്കിലും ഫെഡിന്റെ ഭാവി നയങ്ങൾ നിർണായകമാണ്.

നിക്ഷേപകർക്ക് ആശ്വാസമായി ഓഹരികളിലെ ദീർഘകാല മൂലധന നേട്ടത്തിന്മേലുള്ള (LTCG) ഉയർന്ന നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. നിലവിലെ 12.5% നികുതി നിരക്കിൽ മാറ്റം വരുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ സൂചിപ്പിച്ചത് വിപണിയിൽ പ്രതീക്ഷയുണർത്തിയിരുന്നു. വിദേശ നിക്ഷേപകരെ നിലനിർത്താൻ ഈ തീരുമാനം സഹായകമാകും. വരാനിരിക്കുന്ന ബജറ്റിൽ ഇതിൽ വ്യക്തത വന്നേക്കും.

അന്താരാഷ്ട്ര വിപണിയിൽ ഡോളർ സൂചിക കരുത്താർജ്ജിച്ചതോടെ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഔൺസിന് 4024 ഡോളർ വരെ ഉയർന്ന സ്വർണം പിന്നീട് 4015 ഡോളറിലേക്ക് താഴ്ന്നു. കേരള വിപണിയിൽ വലിയ വിലമാറ്റത്തിന് സാധ്യത കുറവാണ്. അതേസമയം, ക്രൂഡോയിൽ വിലയിലെ സമ്മർദ്ദവും വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിയുന്നതും രൂപയ്ക്ക് തിരിച്ചടിയായി. ഇന്നലെ മാത്രം 1462 കോടി രൂപയാണ് എഫ്പിഐകൾ പിൻവലിച്ചത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ കുറഞ്ഞ് 95.15 എന്ന നിലയിലെത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് രൂപയുടെ തകർച്ച തുടരുന്നത്.

Source link

Related Articles

Back to top button