MANORAMA

ഭക്ഷണത്തിൽ വിഷം കലർത്തുന്നവർക്ക് പൂട്ടിട്ട് ‘ഓപ്പറേഷൻ തെളിമ’; പിടിച്ചെടുത്തത് ടൺ കണക്കിന് പഴകിയ എണ്ണയും പലഹാരങ്ങളും

കോഴിക്കോട് ∙ ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യനിർമാണ കേന്ദ്രങ്ങൾക്കെതിരെ കർശന നടപടികളുമായി ഭക്ഷ്യസുരക്ഷാ വിഭാഗം രംഗത്ത്. സംസ്ഥാനത്താകെ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി കോഴിക്കോട്ട് പുലർച്ചെ ഒരു മണിക്ക് നടത്തിയ മിന്നൽ പരിശോധനയിൽ, മാനദണ്ഡങ്ങൾ ലംഘിച്ച 440 ലീറ്റർ പാചക എണ്ണയും ശുചിത്വമില്ലാത്ത സാഹചര്യത്തിൽ തയാറാക്കിയ വൻ തോതിലുള്ള ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു. മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ ടെസ്റ്റോമീറ്റർ ഉപയോഗിച്ചായിരുന്നു എണ്ണയുടെ നിലവാരം പരിശോധിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ടു സ്ഥാപനങ്ങളും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച നാലു സ്ഥാപനങ്ങളും പൂട്ടിച്ചു. നിയമം ലംഘിച്ച നാല് സ്ഥാപനങ്ങൾക്ക് പിഴ അടയ്ക്കാൻ നിർദേശം നൽകുകയും, രണ്ടു സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.

പരിശോധനയിൽ 440 ലീറ്റർ ഭക്ഷ്യ എണ്ണയ്ക്ക് പുറമേ, 3,900 സമൂസകൾ, 2,600 പൊരിച്ച പത്തിരികൾ, 1,000 പരിപ്പുവടകൾ, 250 കട്‌ലറ്റുകൾ, 1,000 ചപ്പാത്തികൾ, 250 ഇഡ്ഡലികൾ, 100 വടകൾ, 50 കിലോ പത്തിരിമാവ് എന്നിവയും പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു. മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതും ശുചിത്വമില്ലാത്തതുമായ സാഹചര്യത്തിൽ നിർമിച്ചതുമായ ഭക്ഷണ സാധനങ്ങളാണ് പിടിച്ചെടുത്തത്. ഭക്ഷണത്തിന്റെ ഉൽപ്പാദനത്തിലും സൂക്ഷിക്കലും വിതരണത്തിലുമെല്ലാം കർശനമായ ഗുണനിലവാരവും ശുചിത്വവും പാലിക്കാത്തവർക്കെതിരെ കടുത്ത നടപടികൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. പാചക എണ്ണകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷൻ തെളിമ 2.0’ സംസ്ഥാനവ്യാപകമായി ശക്തിപ്പെടുത്തുന്നത്. ഭക്ഷ്യസുരക്ഷാ ഡപ്യൂട്ടി കമ്മിഷണർ ടി.എസ്.വിനോദ് കുമാർ, അസിസ്റ്റന്റ് കമ്മിഷണർ ഡോ. ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ പരിശോധനാ നടപടികൾ.

Source link

Related Articles

Back to top button