ശബരിമല തീർഥാടനം: വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു

തിരുവനന്തപുരം∙ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി കാത്തിരിക്കുന്ന ഭക്തർക്ക് ആശ്വാസവാർത്ത. വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് ഒക്ടോബർ 29-ന് രാവിലെ 10 മണി മുതൽ ആരംഭിക്കും. തീർഥാടകർക്ക് www.sabarimalaonline.org എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ദർശനത്തിനായുള്ള സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
ദിവസവും നിലയ്ക്കൽ-പമ്പ പാതയിലൂടെ എത്തുന്ന അറുപതിനായിരം പേർക്കാണ് വെർച്വൽ ക്യൂ വഴി ബുക്കിങ്ങിന് സൗകര്യമൊരുക്കുന്നത്. കേരള ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് പമ്പയിൽ പ്രവർത്തിച്ചിരുന്ന റിയൽ ടൈം സ്പോട്ട് ബുക്കിങ് സംവിധാനം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിങ്ങിനായി യാതൊരുവിധ ഫീസും ഈടാക്കുന്നില്ല.
അതേസമയം, തീർഥാടകർക്ക് തങ്ങളുടെ താൽപര്യമനുസരിച്ച് പിൽഗ്രിം റിലീഫ് ഫണ്ടിലേക്കോ, ശബരിമലയുടെ ശുചിത്വ പരിപാലനത്തിനായി ജനറൽ ഫണ്ടിലേക്കോ അഞ്ച് രൂപ മുതൽ സംഭാവന നൽകാൻ അവസരമുണ്ട്. എന്നാൽ, ഇത്തരത്തിൽ സംഭാവന നൽകുന്നത് തികച്ചും ഐച്ഛികമാണ്; ഇത് നിർബന്ധമാക്കിയിട്ടില്ല.




