SAMAYAM

കൊച്ചിയിൽ അത്ഭുതക്കാഴ്ചയൊരുക്കി റാംരാജ് കോട്ടൺ; 3000 മുണ്ടുകൾ കൊണ്ട് തീർത്ത പൂക്കളം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

കൊച്ചി: ഇത്തവണത്തെ ഓണാഘോഷത്തിന് കൊച്ചി നഗരം സാക്ഷിയായത് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള ഒരു കൗതുകത്തിനാണ്. സാധാരണ പൂക്കൾക്ക് പകരം മൂവായിരത്തോളം മുണ്ടുകൾ ഉപയോഗിച്ച് ഒരുക്കിയ ഭീമാകാരമായ ‘മുണ്ടുകളം’ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ച് ഇന്ത്യയുടെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കൊച്ചിയിലെ ഫോറം മാളിൽ റാംരാജ് കോട്ടൺ ഒരുക്കിയ ഈ വിസ്മയക്കാഴ്ച ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഏകദേശം 30 അടി വ്യാസത്തിൽ തീർത്ത ഈ കൂറ്റൻ ‘മുണ്ടുകളം’ (Mundukalam) നിർമിച്ചത് 3,000 റാംരാജ് മുണ്ടുകൾ അണിനിരത്തിക്കൊണ്ടാണ്.

കേരളത്തിന്റെ തനത് ഓണാഘോഷ പാരമ്പര്യത്തെയും റാംരാജ് കോട്ടന്റെ വിഖ്യാതമായ മുണ്ടുകളെയും കൂട്ടിയിണക്കി തയ്യാറാക്കിയ ഈ കലാവിരുന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ ‘മുണ്ടുകൾ ഉപയോഗിച്ച് നിർമിച്ച ഏറ്റവും വലിയ പൂക്കളം’ (Largest Pookkalam Display Created Using Dhotis) എന്ന ബഹുമതിക്കാണ് അർഹമായത്. ഓഗസ്റ്റ് ഒൻപതിനായിരുന്നു കൊച്ചിയിൽ ഈ അപൂർവ റെക്കോഡ് നേട്ടം അരങ്ങേറിയത്.

ഈ വേറിട്ട നേട്ടത്തിലൂടെ ഇന്ത്യൻ വസ്ത്ര സംസ്കാരത്തോടും പരമ്പരാഗത നെയ്ത്തുരീതികളോടുമുള്ള തങ്ങളുടെ പ്രതിബദ്ധത റാംരാജ് കോട്ടൺ ഒരിക്കൽ കൂടി തെളിയിക്കുകയാണ്. തലമുറകളായി മലയാളി മനസ്സുകളിൽ കുടിയേറിയ ഓണക്കാലത്തെ പൂക്കളമെന്ന വികാരത്തെ, ആധുനികതയുടെയും സർഗാത്മകതയുടെയും അകമ്പടിയോടെ അവതരിപ്പിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു. ദിവസേന ആയിരക്കണക്കിന് ആളുകളാണ് മാളിലെത്തി ഈ മുണ്ടുകളത്തിന്റെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് അഡ്ജുഡിക്കേറ്റർ സഞ്ജയ് ഭോലയിൽ നിന്ന് റാംരാജ് കോട്ടൺ സ്ഥാപകനും ചെയർമാനുമായ ‘കൾച്ചർപ്രണർ’ കെ.ആർ നാഗരാജനും മാനേജിങ് ഡയറക്ടർ ബി.ആർ അരുൺ ഈശ്വറും ചേർന്ന് റെക്കോഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഇതൊരു കേവല റെക്കോർഡ് നേട്ടം മാത്രമല്ല, മറിച്ച് ഭാരതത്തിന്റെ സമ്പന്നമായ വസ്ത്ര പാരമ്പര്യത്തോടുള്ള ആദരവു കൂടിയാണെന്ന് കെ.ആർ നാഗരാജൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം മുണ്ട് കേവലമൊരു വസ്ത്രമല്ല, അത് നമ്മുടെ സാംസ്കാരിക അടയാളവും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പാരമ്പര്യത്തിന്റെ ഭാഗവുമാണ്,” എന്ന് കെ.ആർ നാഗരാജൻ പറഞ്ഞു. ഈ ഓണക്കാലത്ത് ജനങ്ങൾക്ക് എന്നെന്നും ഓർമിക്കാവുന്നൊരു അനുഭവം സമ്മാനിക്കുക എന്നതായിരുന്നു ലക്ഷ്യം. മൂവായിരത്തോളം മുണ്ടുകൾ ഉപയോഗിച്ച് ഒരുക്കിയ ഈ ‘മുണ്ടുകളത്തിലൂടെ’ ഓണത്തിന്റെ ആവേശവും വസ്ത്ര പാരമ്പര്യവും ഒരുപോലെ ആഘോഷിക്കാൻ കഴിഞ്ഞു. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ അംഗീകാരം ലഭിച്ചതിൽ അതിയായ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റാംരാജ് കോട്ടന്റെ ഈ വ്യത്യസ്തമായ ആശയം സമൂഹമാധ്യമങ്ങളിലും തരംഗമായി മാറിയിരിക്കുകയാണ്. 1983-ൽ തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ കെ.ആർ നാഗരാജൻ തുടക്കമിട്ടതാണ് റാംരാജ് കോട്ടൺ എന്ന പ്രസ്ഥാനം. ദക്ഷിണേന്ത്യയിലെ പുരുഷന്മാർക്ക് ഗുണമേന്മയുള്ള പരമ്പരാഗത വസ്ത്രങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ കമ്പനി, നാല് പതിറ്റാണ്ടിലേറെയുള്ള പ്രവർത്തനത്തിലൂടെ ഇന്ത്യയിലെ മുൻനിര വസ്ത്ര നിർമാതാക്കളായി വളർന്നു. വെളുത്ത മുണ്ടുകൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുക്കുന്നതിൽ റാംരാജ് കോട്ടൺ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.

ഇന്ന് മുണ്ടുകൾക്ക് പുറമെ ഷർട്ടുകൾ, കുർത്തകൾ, തോർത്തുകൾ, വിവാഹ വസ്ത്രങ്ങൾ, പ്യുവർ സിൽക്ക് കളക്ഷനുകൾ, സാരികൾ, കുർത്തകൾ, ഇന്നർവെയറുകൾ തുടങ്ങി കുടുംബത്തിലെ എല്ലാവർക്കും ആവശ്യമായ വിപുലമായ വസ്ത്രശേഖരം റാംരാജ് വിപണിയിൽ എത്തിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഇവ ലഭ്യമാണ്. ഇന്ത്യയിലെ പ്രാദേശിക നെയ്ത്തു രീതികളെയും കൈത്തറി പാരമ്പര്യത്തെയും പരിപോഷിപ്പിക്കുന്നതിനായി നിരന്തരമായ പരിശ്രമങ്ങളാണ് കമ്പനി നടത്തിവരുന്നത്. ഇതിന്റെ ഭാഗമായുള്ള ‘പഞ്ച’ (Panchaa) കളക്ഷന് സമീപകാലത്ത് വലിയ ശ്രദ്ധ ലഭിച്ചിരുന്നു.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുന്നിൽ തങ്ങളുടെ സംസ്കാരത്തെയും ഉത്പന്നങ്ങളെയും ഇത്തരത്തിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് കമ്പനി അധികൃതർ. ഈ ഓണക്കാലത്ത് നവമാധ്യമങ്ങളിലും വിപണിയിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമായി റാംരാജ് കോട്ടന്റെ ‘മുണ്ടുകളം’ മാറി. ഓണാഘോഷം കൂടുതൽ സജീവമാകുന്നതോടെ കൂടുതൽ ജനങ്ങളിലേക്ക് ഈ സന്ദേശം എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. പരമ്പരാഗത കൈത്തറി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാനും യുവതലമുറയിൽ മുണ്ടിനോടുള്ള അഭിരുചി വർധിപ്പിക്കാനും ഇത്തരം നൂതന ശ്രമങ്ങൾ സഹായിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

രചയിതാവിനെക്കുറിച്ച്ജിബിൻ ജോർജ്2019 മുതൽ സമയം മലയാളത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന സീനിയർ കണ്ടന്റ് പ്രൊഡ്യസറാണ് ജിബിൻ ജോർജ്. മാധ്യമപ്രവർത്തനരംഗത്ത് 13 വർഷത്തെ പരിചയമുണ്ട്. സമയം മലയാളത്തിൻ്റെ കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. ദേശീയ – അന്തർദേശീയ – പ്രാദേശിക വാർത്തകൾ കൈകാര്യം ചെയ്യുകയും കണ്ടൻ്റുകൾ തയാറാക്കുകയും ചെയ്യുന്നു. രാഷ്ട്രീയം, സ്പോർട്സ്, യാത്ര, ബിസിനസ് വാർത്തകളും സ്പെഷ്യൽ സ്റ്റോറികളും കൈകാര്യം ചെയ്യുന്നു. സ്പോട്സ് – ദേശീയ വിഷയങ്ങളിൽ വീഡിയോ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. പൊളിറ്റിക്കൽ വാർത്തകൾ, ഇൻഫർമേഷൻ, ഡെവലപ്മെൻ്റ് വാർത്തകളിലും ശ്രദ്ധ ചെലുത്തുന്നു. മംഗളം ദിനപത്രം, വെബ്ദുനിയ ഓൺലൈൻ എന്നീ മാധ്യമങ്ങളിൽ ജോലി ചെയ്ത് മുൻപരിചയം. മംഗളത്തിൽ രണ്ട് വർഷവും വെബ്ദുനിയയിൽ അഞ്ച് വർഷവും പ്രവർത്തന പരിചയം.… കൂടുതൽ വായിക്കുക


Source link

Related Articles

Back to top button