അരിഹയെ കാത്തിരിക്കുന്ന മാതാപിതാക്കൾ; ഏഴാം മാസത്തെ ആ ‘അപകടം’ മറയാക്കി അധികൃതർ; കുഞ്ഞിനെ വിട്ടുകിട്ടാൻ നിയമപോരാട്ടം തുടരുന്നു

ന്യൂഡൽഹി ∙ ജർമനിയിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന അരിഹയെന്ന കൊച്ചു മിടുക്കി ഹിന്ദി വാക്കുകൾ ഓരോന്നായി ഉച്ചരിക്കാൻ തുടങ്ങിയത് ഒരു അമ്മയും മകളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവയ്പാണ്. അഞ്ച് വയസ്സുകാരിയായ അവൾക്ക് തന്റെ മാതൃഭാഷയോടുള്ള അടുപ്പം അമ്മയുടെ സ്നേഹത്തണലിലേക്കുള്ള തിരിച്ചുപോക്കുകൂടിയാണ്.
അരിഹയ്ക്കു നേരെ ഉയർന്ന ആരോപണങ്ങൾ പിന്നീട് അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതാണ്. എങ്കിലും, കുട്ടിക്ക് പരുക്കേറ്റത് പീഡനം മൂലമല്ലെങ്കിലും ‘പരിപാലനത്തിലെ വീഴ്ച’ കാരണമാണെന്ന് അധികൃതർ വാദിക്കുകയും, അതിനെത്തുടർന്ന് കോടതി മാതാപിതാക്കളുടെ സംരക്ഷണാവകാശം റദ്ദാക്കി കുട്ടിയെ ഫോസ്റ്റർ കെയറിലേക്ക് മാറ്റാൻ നിർദേശിക്കുകയുമായിരുന്നു. നീണ്ട നാല് വർഷങ്ങൾക്കിപ്പുറം ജർമൻ ഭാഷയിൽ മാത്രം സംസാരിക്കാൻ ശീലിച്ച മകളോട് ആശയവിനിമയം നടത്താൻ അമ്മ ജർമൻ ഭാഷ പഠിക്കാൻ പോലും തയ്യാറായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഈ വിഷയം ഉന്നയിച്ചതോടെ അരിഹയുടെ ദുരവസ്ഥ ദേശീയ ശ്രദ്ധയാകർഷിച്ചു. എന്നാൽ, കുട്ടിയെ ഇന്ത്യയിലെ ഫോസ്റ്റർ കെയർ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന ഇന്ത്യയുടെ ആവശ്യം ജർമൻ സർക്കാർ ഇനിയും അംഗീകരിച്ചിട്ടില്ല. ഇന്ത്യൻ സംസ്കാരവും ഭാഷയും നിഷേധിക്കപ്പെടുന്നത് കുഞ്ഞിന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന ശക്തമായ നിലപാട് ഇന്ത്യ സ്വീകരിച്ചതിനെത്തുടർന്ന്, മാതാപിതാക്കൾക്ക് കുട്ടിയെ പതിവായി സന്ദർശിക്കാൻ അവസരം ലഭിച്ചു. കൂടാതെ, കുട്ടിക്ക് ഹിന്ദി ക്ലാസുകൾ നൽകാനും ജർമനിയിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്താനും അധികൃതർ സൗകര്യമൊരുക്കി.
അരിഹ ഇപ്പോൾ ഹിന്ദി വാക്കുകൾ സംസാരിച്ചു തുടങ്ങിയെന്ന സന്തോഷവാർത്ത വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ മാധ്യമങ്ങളെ അറിയിച്ചു. 2019-ൽ സോഫ്റ്റ്വെയർ എൻജിനീയറായി ബർലിനിലെത്തിയ ഭാവേഷും ഭാര്യ ധാരാ ഷായും ഈ നിയമനടപടികൾക്കിടയിൽ തങ്ങളുടെ തൊഴിൽ കൂടി നഷ്ടപ്പെട്ട അവസ്ഥയിലാണ്. അതിനിടെ, ഫോസ്റ്റർ കെയർ ഹോമിലെ ചെലവുകൾക്കായി 20 ലക്ഷം രൂപയുടെ ബില്ലും ഇവരെ തേടിയെത്തിയിരിക്കുകയാണ്.




