കോഴിക്കോട് വിമാനത്താവളത്തിന് ഇനി വൻ കുതിപ്പ്; യൂറോപ്പിലേക്ക് പച്ചക്കറിയും പഴങ്ങളും ഇനി നേരിട്ട് കയറ്റുമതി ചെയ്യാം

കരിപ്പൂർ ∙ കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് യൂറോപ്യൻ യൂണിയൻ (ഇയു) രാജ്യങ്ങളിലേക്ക് പഴങ്ങളും പച്ചക്കറികളും ഇനി നേരിട്ട് കയറ്റി അയക്കാം. ഇതിനായുള്ള ഔദ്യോഗിക അനുമതി കരിപ്പൂരിലെ കാർഗോ വിഭാഗത്തെ നിയന്ത്രിക്കുന്ന കെഎസ്ഐഇ (KSIE) അധികൃതർക്ക് ലഭിച്ചു. കയറ്റുമതിക്കായി അനിവാര്യമായ പരിശോധനകളും മറ്റ് നിയമനടപടികളും പൂർത്തിയാക്കുന്നതിനുള്ള അംഗീകാരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
നിലവിൽ കരിപ്പൂരിലെ കയറ്റുമതി ഏജൻസികൾക്ക് യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വൻതോതിൽ ഓർഡറുകൾ ലഭിക്കാറുണ്ട്. എന്നാൽ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പലരും കൊച്ചി വഴിയോ ബെംഗളൂരു വഴിയോ ആണ് ഉൽപ്പന്നങ്ങൾ അയച്ചിരുന്നത്. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറികളാണ് കയറ്റുമതിക്കായി കൂടുതലായും എത്തുന്നത്. ചുരം കടന്നെത്തുന്ന ലോറികൾക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളമെന്ന നിലയിൽ കോഴിക്കോടിന് വൻ സാധ്യതകളാണുള്ളത്. ചരക്കുകൾ കൊച്ചിയിലേക്കോ മറ്റോ കൊണ്ടുപോകാതെ തന്നെ ഇവിടെനിന്ന് നേരിട്ട് കയറ്റുമതി ചെയ്യാനാകുമെന്നത് വലിയൊരു മാറ്റമാണ്. വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് വീണ്ടും സജീവമാകുന്നതോടെ കയറ്റുമതി മേഖലയിൽ വലിയ മുന്നേറ്റം കൈവരിക്കാൻ കോഴിക്കോടിന് സാധിക്കും.




