MANORAMA
അഞ്ചാം നിലയിലെ ജനാലയിൽ തലകീഴായി നായ; മുൻ ഫുട്ബോൾ താരത്തിന്റെ ക്രൂരമുഖം പുറത്ത്

സാൻ സാൽവദോർ∙ കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ജനാലയിലൂടെ നായയെ തലകീഴായി തൂക്കിയിട്ട സംഭവത്തിൽ മുൻ പ്രഫഷനൽ ഫുട്ബോൾ താരം പൊലീസ് പിടിയിലായി. ഭയന്ന് ശബ്ദമുണ്ടാക്കുന്ന, തലകീഴായി തൂങ്ങിക്കിടക്കുന്ന നായയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഹെക്ടർ അലജാൻഡ്രോ റോസാലസ് ബോണില്ലയെ (64) എൽ സാൽവദോറിന്റെ തലസ്ഥാനമായ സാൻ സാൽവദോറിൽ പൊലീസ് പിടികൂടിയത്.
∙ ഒരു കൈയിൽ ഫോൺ, മറുകൈയിൽ പഗ്
ഒരു കൈയിൽ ഫോണും മറുകൈയിൽ പിൻകാലുകൾ പിടിച്ച് പഗ് ഇനത്തിൽപ്പെട്ട നായയെയും പിടിച്ച് അപ്പാർട്മെന്റിന്റെ ജനാലയിലൂടെ പുറത്തേക്ക് തലകീഴായി തൂക്കിയിടുന്നതാണ് വിവാദമായ വിഡിയോയിലുള്ളത്. ഫോണുപയോഗിച്ച് നായയുടെ ചിത്രമോ വിഡിയോയോ പകർത്താനുള്ള ശ്രമത്തിലായിരിക്കാം റോസാലസ് ബോണില്ല ഇത് ചെയ്തതെന്നാണ് കരുതുന്നത്. നായയെ കാലിൽ തൂക്കിപ്പിടിച്ചിരിക്കുന്ന ദൃശ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. കുറഞ്ഞത് നാല് സെക്കൻഡെങ്കിലും നായ ഇങ്ങനെ തൂങ്ങിക്കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് ഇയാൾ നായയെ അപ്പാർട്മെന്റിനുള്ളിലേക്ക് വലിച്ചുകയറ്റുന്നതും കാണാം.
1990കളിൽ എൽ സാൽവദോറിലെ പ്രൈമറ ഡിവിഷനിൽ കളിച്ചിരുന്ന സി.ഡി. അഗ്വില ക്ലബ്ബിനുവേണ്ടി റോസാലസ് ബോണില്ല ഫുട്ബോൾ കളിച്ചിട്ടുണ്ട്. നിലവിൽ ഇയാൾ ദന്തഡോക്ടറായി ജോലി ചെയ്യുകയാണെന്നാണ് റിപ്പോർട്ടുകൾ.




