MANORAMA
പാറ്റകൾ പെരുകും മുമ്പേ തുരത്തണം: സിജെപിക്കെതിരെ തുറന്നടിച്ച് ബംഗാൾ മുഖ്യമന്ത്രി, മോദിക്കൊപ്പം അണിനിരക്കാൻ ആഹ്വാനം

കൊൽക്കത്ത ∙ പാറ്റകളെയും ‘ദിമാഗി നക്സലുകളെ’യും ‘തുക്ഡെ തുക്ഡെ’ സംഘങ്ങളെയും വളരാൻ അനുവദിക്കരുതെന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) സ്വാധീനം കീടങ്ങളുടെയും കൊറോണ വൈറസിന്റെയും വ്യാപനത്തോട് ഉപമിച്ചതിന് തൊട്ടടുത്ത ദിവസമാണ് അദ്ദേഹം വിമർശനം കടുപ്പിച്ചത്. ബംഗാളിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ഇടതുപക്ഷ പാർട്ടികൾക്കും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) 15 വർഷത്തെ ഭരണത്തിനുമെതിരെയും സുവേന്ദു അധികാരി രൂക്ഷമായി പ്രതികരിച്ചു. ബംഗാളിന്റെ പൈതൃകവും സംസ്കാരവും തകർക്കാനാണ് ഇരു കൂട്ടരും ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. “ബംഗാളിലെ മുൻ സർക്കാരിന് ദേശീയതയെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. പ്രീണന രാഷ്ട്രീയം കളിച്ച അവർ സംസ്ഥാനത്തെ ഒരു ‘ഗ്രേറ്റർ ബംഗ്ലാദേശ്’ ആക്കി മാറ്റാനാണ് പദ്ധതിയിട്ടത്. അതുകൊണ്ടാണ് സംസ്ഥാനത്തിനായി പ്രത്യേക ഗാനം രചിച്ചതും പതാക രൂപകൽപ്പന ചെയ്തതും ബംഗ്ലാദേശിന്റെ മുദ്രാവാക്യമായ ‘ജോയ് ബംഗ്ല’ കടമെടുത്തതും.” – സുവേന്ദു അധികാരി പറഞ്ഞു.




