തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വായ്പയെടുക്കാൻ അനുവാദം വേണമെന്ന് ധനകാര്യ കമ്മിഷൻ്റെ ശുപാർശ

ഗവർണർ ആർ.വി. ആർലേക്കർക്ക് സമർപ്പിച്ച മൂന്നാമത്തെ പഠനറിപ്പോർട്ടിലാണ് ഈ ശുപാർശ ഉൾപ്പെടുത്തിയിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ സ്വന്തം വരുമാന സ്രോതസ്സുകൾ വിപുലീകരിക്കാൻ അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടണം. സർക്കാരുകളെ അപേക്ഷിച്ച് നികുതി ഇനത്തിലും അല്ലാത്തവയിലൂടെയും വരുമാനം കൂട്ടാൻ തദ്ദേശസമിതികൾക്ക് കൂടുതൽ സാധ്യതകളാണുള്ളത്. വായ്പയെടുക്കാൻ അനുവാദം നൽകുന്നതോടൊപ്പം അതിനുള്ള അനുകൂല സാഹചര്യങ്ങളും സർക്കാർ ഒരുക്കിക്കൊടുക്കണം.
നികുതിവരുമാനവും മറ്റ് ആദായങ്ങളും ഉയർത്തുന്നതിനോടൊപ്പം, വായ്പകൾ, മുനിസിപ്പൽ ബോണ്ടുകൾ എന്നിവയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി.എസ്.ആർ) പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ പിന്നാക്കം നിൽക്കുകയാണ്. ഈ ഫണ്ടുകൾ പരമാവധി ലഭ്യമാക്കുന്നതിന് ഊർജ്ജിതമായ നടപടികൾ ഉണ്ടാകണം. ഭരണസംവിധാനത്തിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ ഭരണനിർവ്വഹണത്തിൽ സമഗ്രമായ മാറ്റങ്ങൾ അനിവാര്യമാണ്.
കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റിലെ വലിയൊരു ഭാഗമായ 83.45 ശതമാനവും നഗരസഭകൾക്കും നഗര കോർപ്പറേഷനുകൾക്കുമാണ് വകയിരുത്തിയിട്ടുള്ളത്. അതേസമയം, ജനസംഖ്യയിൽ 77 ശതമാനവും വസിക്കുന്ന ഗ്രാമീണ മേഖലയ്ക്ക് ലഭിക്കുന്നത് വെറും 16.55 ശതമാനം ഫണ്ട് മാത്രമാണ്. കേന്ദ്ര ഫണ്ടിൽ വെട്ടിക്കുറവ് വന്നത് ഗ്രാമപ്രദേശങ്ങളെ പ്രതിസന്ധിയിലാക്കുമ്പോൾ, അധിക ഫണ്ട് ലഭിക്കുന്ന മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും തിരിച്ചടിയാകുന്നത് കേന്ദ്ര കമ്മീഷന്റെ കർശന നിബന്ധനകളാണെന്നും റിപ്പോർട്ടിൽ അടിവരയിടുന്നു.
വരുന്ന 2027 മുതൽ 2031 വരെയുള്ള കാലയളവിൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് കൈമാറേണ്ട ധനസഹായങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. കമ്മീഷൻ ചെയർമാൻ പ്രൊഫ. കെ.എൻ. ഹരിലാൽ, അംഗങ്ങളായ കെ.ആർ. ജ്യോതിലാൽ, ടി.വി. അനുപമ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Source link




