KAUMUDI

കായികരംഗത്ത് രാഷ്‌ട്രീയ ഇടപെടലുകൾക്ക് പൂട്ടിടാൻ സർക്കാർ; പുതിയ അതോറിറ്റി വരുന്നു

കായികമന്ത്രി ഒ ജെ ജനീഷ്

തിരുവനന്തപുരം: കായികരംഗത്തെ രാഷ്‌ട്രീയ ഇടപെടലുകൾ തടയുന്നതിന്റെ ഭാഗമായി പുതിയ നിയമനിർമ്മാണത്തിന് കേരള സർക്കാർ തയ്യാറെടുക്കുന്നു. നിലവിലുള്ള സ്‌‌പോർട്‌സ് കൗൺസിലിന് പകരമായി ഒരു നവീന സംവിധാനം കൊണ്ടുവരാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കായിക മന്ത്രിയുടെ നേതൃത്വത്തിൽ ‘സ്‌പോർട്‌സ് അതോറിറ്റി ഓഫ് കേരള’ നിലവിൽ വരുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഈ പുതിയ അതോറിറ്റിയിൽ പ്രഗത്ഭരായ കായിക പ്രതിഭകളെയും ഉൾപ്പെടുത്തും. ഈ സമിതിയിലേക്ക് യാതൊരുവിധ തിരഞ്ഞെടുപ്പുകളും നടക്കില്ല. മറിച്ച്, സർക്കാരിന്റെ നാമനിർദ്ദേശപ്രകാരമുള്ള പ്രതിനിധികളായിരിക്കും ഇതിന്റെ ഭാരവാഹികൾ.

കായിക നയങ്ങൾ രൂപീകരിക്കുന്നതിനായി പ്രമുഖ താരങ്ങൾ അടങ്ങുന്ന പ്രത്യേക സമിതി നിലവിൽ വരും. ഇതോടൊപ്പം ജില്ലാതലത്തിലുള്ള സ്‌പോർട്‌സ് കൗൺസിലുകളുടെ പ്രവർത്തനവും അവസാനിക്കും. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച കായിക ബില്ല് അവതരിപ്പിക്കും. മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കുന്ന രീതിയിലേക്ക് കേരളത്തിലെ കായികമേഖലയെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ മാറ്റം.

സ്‌പോർട്‌സ് ക്വാട്ട നിയമനങ്ങളിലെ ക്രമക്കേടുകൾ തടയുന്നതിനും അഴിമതി കർശനമായി നേരിടുന്നതിനുമുള്ള വ്യവസ്ഥകളും പുതിയ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് അഞ്ച് ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ പിഴ ചുമത്താനും ഇതിൽ വ്യവസ്ഥയുണ്ട്. കൂടാതെ, സ്‌പോർട്‌‌സ് ക്വാട്ട വഴിയുള്ള തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായി യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇനി മുതൽ പൂർണ്ണമായും കായിക മികവിന്റെയും സർട്ടിഫിക്കറ്റുകളുടെയും മാത്രം അടിസ്ഥാനത്തിലായിരിക്കും സർക്കാർ ജോലികളിലേക്കുള്ള തിരഞ്ഞെടുപ്പ്.

                        English Summary

                            The Kerala government plans to introduce a new sports bill to replace the existing Sports Council with the Sports Authority of Kerala. The proposed legislation aims to prevent political appointments and recruitment corruption, strengthen action against sports quota irregularities, and revise eligibility criteria to provide more government job opportunities to talented athletes.                            
                    RELATED TOPICS: KERALA SPORTS AUTHORITY, KERALA SPORTS BILL, SPORTS QUOTA RECRUITMENT KERALA, KERALA SPORTS NEWS MALAYALAM, KERALA SPORTS AUTHORITY BILL

Source link

Related Articles

Back to top button