ഗ്യാനേഷേ, കളി കഴിഞ്ഞു; ആര്‍ക്കും രക്ഷപ്പെടാനാകില്ല, ഈ ക്രൂരതകള്‍ക്ക് മുന്നില്‍ ഞങ്ങള്‍ തലകുനിക്കില്ല

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സിജെപിയുടെ പ്രക്ഷോഭത്തെക്കുറിച്ച് ‘മനോരമ’യോട് സംസാരിക്കുകയാണ് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) അഖിലേന്ത്യാ പ്രസിഡന്റ് നേഹ. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള ആദ്യ ജന്തർ മന്തർ സമരത്തിലും, കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ നടന്ന വിവിധ പ്രക്ഷോഭങ്ങളിലും മുൻനിരയിൽ നിന്ന് നയിച്ച നേതാവാണ് നേഹ.
ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമേ, എസ്ഐആറും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും മരവിപ്പിക്കുക, കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ ശക്തമായ ആവശ്യങ്ങളും സിജെപി മുന്നോട്ടുവെക്കുന്നുണ്ട്.
ചോദ്യം: ഗ്യാനേഷിന്റെ രാജി കൊണ്ട് മാത്രം സമരം അവസാനിക്കുമോ?
ഈ മൂന്ന് ആവശ്യങ്ങളും പരസ്പരം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നവയാണ്; ഇതിലൊരു ആവശ്യത്തെയും മറ്റുള്ളവയിൽ നിന്ന് അടർത്തിമാറ്റി കാണാനാകില്ല. തീർച്ചയായും ഗ്യാനേഷിന്റെ രാജി നിലവിലെ സാഹചര്യത്തിൽ വളരെ പ്രധാനമാണ്. അതേസമയം, ഗ്യാനേഷ് കുമാർ മാത്രം രാജിവെക്കുകയും, സിഇസിയെ തിരഞ്ഞെടുക്കാനുള്ള വിവാദ നിയമം അതേപടി തുടരുകയും ചെയ്താൽ, അത് മുഖം മാറ്റുകയെന്ന പ്രഹസനം മാത്രമായി മാറും.
ചോദ്യം: ധർമേന്ദ്ര പ്രധാന്റേതുപോലെ ഗ്യാനേഷിന്റെ രാജിയെന്ന ആവശ്യവും അത്ര എളുപ്പത്തിൽ സാധ്യമാകുമോ? അദ്ദേഹത്തിന്റെ രാജി സർക്കാരിനും വലിയ തിരിച്ചടിയാകുമല്ലോ?
ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഒരു നീക്കവും ഈ സർക്കാർ ഒരിക്കലും എളുപ്പമാക്കിക്കൊടുക്കില്ല. ഒരിക്കലും സംഭവിക്കില്ലെന്ന് അവർ പരസ്യമായി പ്രഖ്യാപിച്ച ഒന്നായിരുന്നു പ്രധാന്റെ രാജിയെന്ന കാര്യം നാം ഓർക്കണം. എന്തൊക്കെ സാധ്യമാകും എന്നതിന്റെ പരിധികൾ നിശ്ചയിക്കുന്നത് ഭരണകൂടമല്ല, മറിച്ച് ജനങ്ങളും അവരുടെ ശക്തമായ ജനാധിപത്യപരമായ ഇച്ഛാശക്തിയുമാണ്.
ചോദ്യം: ഈ സമരം ഉദ്ദേശിച്ച ഫലം നൽകുമോ? മറ്റൊരു സിഇസി വന്ന് സമാനമായ രീതിയിൽ പ്രവർത്തിച്ചാൽ എന്തുചെയ്യും?
ഗ്യാനേഷ് കുമാറിന്റെ രാജിയല്ല ഞങ്ങളുടെ സമരത്തിന്റെ ഫിനിഷിങ് ലൈൻ. ഗ്യാനേഷ് പടിയിറങ്ങിയാലും, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളും വോട്ടർപട്ടികയിൽ നിന്ന് ന്യൂനപക്ഷങ്ങളെയും എതിർശബ്ദങ്ങളെയും വെട്ടിനിരത്തുന്ന പ്രവണതയും അവസാനിക്കുമെന്ന് എങ്ങനെ ഉറപ്പിക്കാനാവും? തകരാറിലായ ഇതേ സംവിധാനത്തിലൂടെ വരുന്ന പുതിയൊരു വ്യക്തി ഒരിക്കലും യഥാർത്ഥ പരിഹാരമാകില്ല.
Source link



