തമിഴ്നാട്ടിൽ രാഹുലിന് ഊഷ്മള വരവേൽപ്പ് നൽകി വിജയ്

ഉച്ചയോടെ ചെന്നൈ വിമാനമിറങ്ങിയ രാഹുൽ ഗാന്ധി നേരെ വിജയ്യുടെ നീലാങ്കരൈയിലെ വസതിയിലേക്ക് തിരിക്കുകയായിരുന്നു. വസതിക്ക് പുറത്ത് വിജയ് അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. തുടർന്ന് സമീപത്തുള്ള ഒരു കഫേ സന്ദർശിച്ച ഇരുവരും, പിന്നീട് വീട്ടിലെത്തിയും ചർച്ചകൾ തുടർന്നു. ദേശീയ രാഷ്ട്രീയത്തിലെ സമകാലിക സംഭവവികാസങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവർ ചർച്ചാവിഷയമാക്കി.
‘ഇന്ത്യ’ മുന്നണിയുടെ പരിപാടികളിൽ വിജയ് പങ്കാളിയാകണമെന്ന് രാഹുൽ അഭ്യർത്ഥിച്ചതായാണ് സൂചനകൾ. തുടർന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഐലന്റ് ഗ്രൗണ്ടിൽ വെച്ച് നടന്ന വിദ്യാർത്ഥി സംവാദ പരിപാടിയിലും രാഹുൽ ഗാന്ധി സംബന്ധിച്ചു.
വിജയ് ഇന്ന് മോദിക്കൊപ്പം
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം വിജയ് ഇന്ന് വേദി പങ്കിടുന്നുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനച്ചടങ്ങിലാണ് ഇരുവരും ഒന്നിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രിയോടൊപ്പം പൂനമല്ലിയിൽ നിന്നും പോരൂരിലേക്ക് വിജയ് മെട്രോ ട്രെയിനിൽ യാത്ര ചെയ്യും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ് പ്രധാനമന്ത്രിയുമായി വേദി പങ്കിടുന്ന ആദ്യ പൊതുപരിപാടിയാണിത്.
Source link




