MANORAMA

സംസ്ഥാനത്ത് മഴ കനക്കുന്നു; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്നു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകളിലും എറണാകുളത്തിന്റെ മലയോര മേഖലകളിലും മഴ ലഭിച്ചു.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ (വൈകിട്ട് 4 മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം) മഴ ശക്തമാകാൻ സാധ്യതയുണ്ട്. ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 11, 12, 13 തീയതികളിലും ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയടിച്ചേക്കാം.

∙ കൊല്ലത്ത് കനത്ത മഴ; കാർ ഒഴുക്കിൽപ്പെട്ടു

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. എംസി റോഡിൽ വെള്ളം കയറി ഗതാടതം തടസ്സപ്പെട്ടു. അശാസ്ത്രീയമായ രീതിയിൽ ഓട നിർമ്മിച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിലമേലിൽ വെള്ളക്കെട്ടിൽ ഒരു കാർ ഒഴുക്കിൽപ്പെട്ടു. തുടർച്ചയായ മഴയും വെള്ളക്കെട്ടും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. നിലമേൽ, കുളത്തൂപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുകയാണ്.

കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ ദിവസം ദേശീയപാതയിൽ തെന്മലയിൽ മരം കടപുഴകി വീണിരുന്നു. കൂടാതെ എഴുകോണിൽ റെയിൽവേ പുറമ്പോക്കിൽ നിന്ന മരം ദേശീയപാതയിലേക്ക് വീണും ഗതാടതം തടസ്സപ്പെടുകയുണ്ടായി. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിൽ മഴ തുടരുകയാണ്.


Source link

Related Articles

Back to top button