MANORAMA

ക്രൂരതയുടെ അരങ്ങേറ്റം: വനിതാ പൊലീസിനെ ആൾക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു, അധ്യാപകരെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം

പാരിസ്∙ ഫ്രാൻസിൽ വിദ്യാർഥി സമരം അക്രമാസക്തമായ ഏറ്റുമുട്ടലുകളിലേക്ക് വഴിമാറുന്നു. സ്കൂളുകൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ രാജ്യവ്യാപകമായി വലിയ തോതിലുള്ള അരാജകത്വത്തിനാണ് കാരണമായിരിക്കുന്നത്. പ്രക്ഷോഭം നിയന്ത്രണാതീതമായതോടെ പൊലീസും ജനങ്ങളും ഒരുപോലെ ദുരിതത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തലസ്ഥാന നഗരിയായ പാരിസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗസ്ഥയെ ആൾക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയും ‘അവളെ കൊന്നുകളയൂ’ എന്ന് ആക്രോശിക്കുകയും ചെയ്ത സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനുപുറമേ, മാഴ്സെയിൽ ഒരു സ്കൂൾ പ്രിൻസിപ്പലിന്റെയും ഡെപ്യൂട്ടി പ്രിൻസിപ്പലിന്റെയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീവയ്ക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

തുടക്കത്തിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച സമാധാനപരമായ പ്രതിഷേധം, പിന്നീട് തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളും സാമൂഹ്യവിരുദ്ധരും ചേർന്ന് കൈയേറുകയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഥിതിഗതികൾ അതീവ ഗുരുതരമായ സാഹചര്യത്തിൽ, വിദ്യാർഥികൾ കരുതിയിരിക്കണമെന്നും ഇത്തരം അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഫ്രഞ്ച് നാഷനൽ പൊലീസ് കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button