വേണാട് എക്സ്പ്രസിലെ ദുരിതയാത്രയ്ക്ക് അറുതിയാകുമോ? കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടൽ യാത്രാദുരിതത്തിന് പരിഹാരമാകുമോ

ഫയൽ ചിത്രം
തിരുവനന്തപുരം: സായാഹ്ന വേളകളിൽ വേണാട് എക്സ്പ്രസിൽ യാത്രക്കാർ അനുഭവിക്കുന്ന യാത്രാദുരിതത്തിൽ പരിഹാരവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്ത്. എറണാകുളം, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് തന്നെ വലിയ തോതിലുള്ള ആൾത്തിരക്കാണ് അനുഭവപ്പെടുന്നത്. ട്രെയിനിന്റെ പടിയിറമ്പിൽ പോലും ജീവൻ പണയംവെച്ച് യാത്ര ചെയ്യേണ്ടി വരുന്നത് യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമായി സന്ധ്യാസമയത്ത് ഒരു പുതിയ ട്രെയിൻ സർവീസ് അടിയന്തരമായി അനുവദിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാനും ഔദ്യോഗികമായി കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പരശുറാം എക്സ്പ്രസിനും അതിനുശേഷമുള്ള അടുത്ത സർവീസിനും ഇടയിലുള്ള മൂന്ന് മണിക്കൂറോളം വരുന്ന സമയദൂരമാണ് സന്ധ്യാസമയത്തെ അവിശ്വസനീയമായ തിരക്കിന് പ്രധാന കാരണം. ആയതിനാൽ, വേണാട് എക്സ്പ്രസിന് തൊട്ടുമുമ്പായി എറണാകുളം – കോട്ടയം – കൊല്ലം റൂട്ടിൽ മറ്റൊരു സായാഹ്ന സർവീസ് ഉടൻ ആരംഭിക്കണം. പുതിയ കോച്ചുകൾക്കായി കാത്തുനിൽക്കാതെ, എൽ.എച്ച്.ബി സംവിധാനത്തിലേക്ക് മാറിയ മറ്റ് സർവീസുകളിൽ നിന്നും ലഭ്യമാകുന്ന പഴയ ഐ.സി.എഫ് കോച്ചുകൾ ഉപയോഗിച്ച് പുതിയ ട്രെയിൻ ഓടിക്കാൻ സാധിക്കുമോയെന്ന് റെയിൽവേ ബോർഡും ദക്ഷിണ റെയിൽവേയും അടിയന്തരമായി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയൊരു സർവീസ് കൂടി നിലവിൽ വന്നാൽ വൈകുന്നേരങ്ങളിൽ യാത്രക്കാരുടെ തിരക്ക് വിവിധ വണ്ടികളിലായി വിഭജിച്ചു പോകുകയും, അതുവഴി വേണാട് എക്സ്പ്രസിലെ അതിതീവ്രമായ തിരക്കിന് ശമനമുണ്ടാകുകയും ചെയ്യും. ഇത് യാത്രികരുടെ ജീവസുരക്ഷയും യാത്രാ സൗകര്യങ്ങളും ഉറപ്പാക്കാൻ സഹായിക്കും. ഈ വിഷയത്തിന്റെ ഗൗരൗവം കണക്കിലെടുത്ത്, തിങ്കളാഴ്ച നേരിട്ട് ഡൽഹിയിലെത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെയും റെയിൽവേ ബോർഡ് ചെയർമാനെയും കണ്ട് ഈ ആവശ്യം വീണ്ടും ഉന്നയിക്കും. ‘ഫ്രണ്ട്സ് ഓൺ റയിൽസ്’ ഉൾപ്പെടെയുള്ള വിവിധ യാത്രാ സംഘടനകൾ ഈ പ്രശ്നത്തിൽ ഇടപെടൽ അഭ്യർത്ഥിച്ച് തന്നെ സമീപിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രികരുടെ സുരക്ഷ മുൻനിർത്തി എറണാകുളം, കോട്ടയം, കൊല്ലം പാതയിൽ പുതിയ സായാഹ്ന ട്രെയിൻ അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് അദ്ദേഹത്തിന്റെ മുഖ്യ ആവശ്യം.
RELATED TOPICS: VENAD EXPRESS, KODIKUNNIL SURESH MP, VENAD EXPRESS EVENING TRAVEL
Source link




