സൈനിക സേവനം നിർബന്ധമാക്കുമോ? യുവാക്കൾക്ക് ചോദ്യാവലി നൽകിയതിൽ വ്യാപക പ്രതിഷേധം

ബര്‍ലിന്‍∙ ജർമനിയില്‍ നിര്‍ബന്ധിത സൈനിക സേവനം തിരികെ കൊണ്ടുവരാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കും പ്രതിരോധ ഫണ്ട് കുത്തനെ കൂട്ടുന്നതിനുമെതിരെ തലസ്ഥാന നഗരിയില്‍ പ്രക്ഷോഭം ആളിക്കത്തുന്നു. ചരിത്രപ്രസിദ്ധമായ ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റിന് മുന്നില്‍ ഒത്തുകൂടിയ ആയിരക്കണക്കിന് യുവാക്കളും സമാധാന പ്രവര്‍ത്തകരുമാണ് സര്‍ക്കാരിന്റെ സൈനികവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തീര്‍ത്തത്.
‘നിര്ബന്ധിതരാക്കാന് ആവില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി വെള്ളിയാഴ്ച വൈകുന്നേരം നടന്ന സംഗീത പരിപാടികളിലും പ്രതിഷേധ റാലിയിലും തുടക്കത്തില്‍ തന്നെ രണ്ടായിരത്തോളം ആളുകളാണ് അണിനിരന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്ഷേപഹാസ്യ രാഷ്ട്രീയ പാര്‍ട്ടിയായ ‘ഡി പാര്‍ട്ടി’യുടെ നേതാവും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവുമായ മാര്ട്ടിന് സോണര്ബോണ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സമരവേദിയില്‍ സംസാരിച്ചു.
രാജ്യത്ത് ജീവിതച്ചെലവ് കുതിച്ചുയരുന്നതിനിടയിൽ, സാധാരണക്കാരുടെ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ച് ആ തുക മുഴുവന്‍ പ്രതിരോധ മേഖലയിലേക്ക് വകയിരുത്തുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധക്കാര്‍ ആഞ്ഞടിച്ചു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പാര്‍പ്പിടത്തിനും ഊന്നൽ നല്‍കുന്നതിന് പകരം കോടിക്കണക്കിന് രൂപ ആയുധങ്ങള്‍ക്കായി ഒഴുക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സംഘാടകര്‍ തുറന്നടിച്ചു.
∙ യുവാക്കള്‍ക്ക് മുന്നില്‍ സൈന്യത്തിന്റെ ചോദ്യാവലി; വീണ്ടും നിര്‍ബന്ധിത സൈനിക സേവനമോ?
രാജ്യത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 2011–ലാണ് യുവാക്കള്‍ക്ക് നിര്‍ബന്ധിതമായിരുന്ന സൈനിക സേവന വ്യവസ്ഥ ജര്‍മനി അവസാനിപ്പിച്ചത്. എന്നാല്‍, ഇന്നത്തെ മാറിവരുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സൈന്യത്തിന്റെ അംഗബലം കൂട്ടുക എന്ന ലക്ഷ്യത്തോടെ, 18 വയസ്സ് തികയുന്ന എല്ലാ യുവാക്കള്‍ക്കും ജര്‍മ്മന്‍ സൈന്യം ചോദ്യാവലികള്‍ അയച്ചുതുടങ്ങിയിരിക്കുകയാണ്.
ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ ചോദ്യാവലി പൂരിപ്പിച്ച് നല്‍കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് ഇത് സ്വമേധയാ ചെയ്യാവുന്ന ഒന്നാണ്. ഏതായാലും ഘട്ടംഘട്ടമായി രാജ്യത്ത് നിര്‍ബന്ധിത സൈനിക സേവനം വീണ്ടും നടപ്പാക്കാനുള്ള ഭരണകൂടത്തിന്റെ ഗൂഢനീക്കമാണിതെന്ന ആശങ്കയും ഭയവും യുവതലമുറയ്ക്കിടയില്‍ അതിശക്തമായി വളരുന്നുണ്ട്.
Source link



