അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം: പാകിസ്ഥാൻ നിയുക്തനെ വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രതിഷേധം

ന്യൂഡൽഹി ∙ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റങ്ങളെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്ന പാക്കിസ്ഥാൻ്റെ നിലപാടിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം. ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ (ചാർജ് ദ് അഫയേഴ്സ്) വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം കടുത്ത എതിർപ്പ് ഔദ്യോഗികമായി അറിയിച്ചത്.
പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് (അതിർത്തി രക്ഷാസേന) വെടിവച്ചുകൊന്ന രണ്ട് പാക്ക് നുഴഞ്ഞുകയറ്റക്കാരുടെ വിഷയത്തിൽ പാക്കിസ്ഥാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നിർണായക നീക്കം.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആയുധ-ലഹരി മാഫിയകളാണ് ഈ നുഴഞ്ഞുകയറ്റങ്ങൾക്ക് പിന്നിലെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. പാക് റേഞ്ചേഴ്സിന്റെ മൗനാനുവാദത്തോടയാണ് ഇത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. അതിർത്തി കടന്നുള്ള ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യാന്തര അതിർത്തിയുടെ സുരക്ഷ മാനിക്കാനും നുഴഞ്ഞുകയറ്റങ്ങൾ തടയാൻ സ്വന്തം സൈന്യത്തിന് ശക്തമായ നിർദേശം നൽകാനും പാക്ക് നയതന്ത്ര പ്രതിനിധിയോട് ഇന്ത്യ കർശനമായി ആവശ്യപ്പെട്ടു.
Source link




