ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാസഖ്യത്തിന്റെ ജനകീയ വിചാരണ: പ്രതിഷേധ പരിപാടിയിൽ മാറ്റം

ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ പരിപാടിയുടെ പേരും ശൈലിയും ഇന്ത്യാ സഖ്യം പരിഷ്കരിച്ചു. ഗ്യാനേഷ് കുമാറിനെതിരെ ഒരു ‘മോക്ക് പാർലമെന്റ്’ നടത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്, എന്നാൽ അതിൽനിന്ന് പിന്മാറി പുതിയ രീതിയിലേക്ക് മാറാൻ മുന്നണി തീരുമാനിക്കുകയായിരുന്നു.
പാർലമെന്റിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള യാതൊരു പ്രവർത്തനങ്ങൾക്കും മുതിരുന്നില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ്, പരിപാടിക്ക് ‘ജനകീയ കുറ്റവിചാരണ’ (ജൻ മഹാഭിയോഗ്) എന്ന് പുനർനാമകരണം ചെയ്തതായി അറിയിച്ചു. സർക്കാർ പ്രതിനിധികളും പ്രതിപക്ഷവും പ്രിസൈഡിങ് ഓഫിസറുടെ നേതൃത്വത്തിൽ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്ന രീതിയിലായിരുന്നു ആദ്യ പദ്ധതി. എന്നാൽ ഇന്ത്യാ സഖ്യത്തിന്റെ ഉന്നതതല യോഗത്തിന് ശേഷം ഈ ആശയത്തിൽ മാറ്റം വരുത്താൻ തീരുമാനിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി രാത്രി ഏഴരയോടെ സമാപിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇതിൽ 19 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ അഞ്ച് മിനിറ്റ് വീതം സംസാരിക്കും. സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവർക്ക് പത്ത് മിനിറ്റ് വീതം സമയം അനുവദിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്യപ്പെട്ടവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്നു പേർക്കും സംസാരിക്കാൻ അവസരമുണ്ടാകും. മൊത്തം മുപ്പത് പേരായിരിക്കും ഈ വേദിയിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പിലാക്കിയ എസ്ഐആർ (SIR) ആണ് പ്രതിഷേധത്തിന്റെ പ്രധാന അജണ്ട. കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പരിപാടി തത്സമയം സംപ്രക്ഷണം ചെയ്യും.



