മനുഷ്യന് പകരം ആടിനെ ദഹിപ്പിച്ചു; കുറുപ്പ് മോഡൽ കൊലപാതകം പൊളിച്ച് യുപി പോലീസ്

ലക്നൗ ∙ കൊലക്കേസിലെ ശിക്ഷാവിധിയിൽനിന്ന് തലയൂരാൻ താൻ മരിച്ചുവെന്ന് വരുത്തിത്തീർത്ത് വിചിത്രമായ തട്ടിപ്പ് നടത്തിയ പ്രതി ഒടുവിൽ പിടിയിൽ. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ മരണാനന്തര ചടങ്ങുകളുടെ വ്യാജ തെളിവുകൾ ഒരുക്കിയും മരണ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയും നിയമത്തെ കബളിപ്പിക്കാനാണ് പ്രതി ശ്രമിച്ചത്. എന്നാൽ, പൊലീസിന്റെ കൃത്യമായ ഇടപെടൽ ഇയാളുടെ കുതന്ത്രങ്ങളെ പൊളിച്ചടുക്കി.
2016-ലെ കൊലക്കേസിൽ പ്രതിയായ രാജ്ഭർ ആണ് താൻ മരിച്ചതായി നാടകം കളിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. കൊലപാതകക്കേസിന് പുറമെ, ഓൺലൈൻ വ്യാപാരത്തിലും ക്രിപ്റ്റോകറൻസിയിലും നിക്ഷേപിക്കാമെന്ന് പറഞ്ഞ് ആളുകളിൽനിന്ന് വൻതുക തട്ടിയെടുത്ത കേസുകളിലും ഇയാൾ പ്രതിയാണ്. രാജ്ഭർ നിയമനടപടികളിൽനിന്ന് രക്ഷപ്പെട്ടാൽ മാത്രമേ തങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കൂ എന്ന് വിശ്വസിച്ച രണ്ട് ഹോമിയോപ്പതി ഡോക്ടർമാരാണ്, വ്യാജമരണ സർട്ടിഫിക്കറ്റ് എന്ന ആശയം ഇയാൾക്ക് പറഞ്ഞുകൊടുത്തത്.
തുടർന്ന് അബോധാവസ്ഥയിലാണെന്ന് വരുത്തി രാജ്ഭറിനെ ആശുപത്രിയിലെത്തിച്ച് മെഡിക്കൽ രേഖകൾ സംഘടിപ്പിച്ചു. തുടർന്ന് ഇയാൾ മരിച്ചതായി പ്രഖ്യാപിക്കുകയും സംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തു. ചിതയിൽ കിടക്കുന്ന രീതിയിലുള്ള ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചെടുത്ത ശേഷം, ആടിനെ ചിതയിൽ വെച്ച് സംസ്കരിച്ചാണ് മരണം സ്ഥിരീകരിക്കാനുള്ള വ്യാജ തെളിവുകൾ ഇവർ ഒപ്പിച്ചത്. ഈ രേഖകൾ ഹാജരാക്കി മരണ സർട്ടിഫിക്കറ്റ് നേടിയതോടെ, രാജ്ഭർ മരിച്ചതായി കാണിച്ച് പൊലീസിനെ സമീപിച്ചു.
ഇതിനെത്തുടർന്ന് ഒന്നര വർഷത്തോളം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. എങ്കിലും, പ്രതിയുടെ മരണത്തിൽ സംശയം തോന്നിയ പൊലീസ് നിരീക്ഷണം തുടരുകയും ഞായറാഴ്ച രാജ്ഭറിനെ പിടികൂടുകയും ചെയ്തു. വ്യാജരേഖകൾ ചമച്ചതിന് പ്രതിക്കെതിരെ മറ്റൊരു കേസ് കൂടി പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.




