MANORAMA
സംവത് 2083ലേക്ക് ചുവടുവെച്ച് ഇന്ത്യ; മോദി ഭരണത്തിലെ ഏറ്റവും കയ്പേറിയ വർഷത്തോട് വിട, എങ്കിലും ആശങ്കകൾ ബാക്കി

സംവത് 2083 വർഷത്തിലേക്ക് ഇന്ത്യ കടക്കുകയാണ്. ഹിന്ദു വിശ്വാസപ്രകാരമുള്ള പുതിയ സംവത് വർഷത്തിലേക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം പ്രവേശിക്കുമെങ്കിലും ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞിട്ടില്ല. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം വിപണി നേരിട്ട ഏറ്റവും മോശം വർഷമാണ് ഇപ്പോൾ അവസാനിക്കുന്നത്. സംവത് 2082ൽ നിഫ്റ്റി 13 ശതമാനവും സെൻസെക്സ് 14 ശതമാനവും താഴേക്ക് പോയി. 2078 സംവത് വർഷത്തിൽ (2021 നവംബർ 3 മുതൽ 2022 ഒക്ടോബർ 21 വരെ) നിഫ്റ്റിക്ക് 1.4 ശതമാനവും സെൻസെക്സിന് 1.3 ശതമാനവും നഷ്ടം സംഭവിച്ചിരുന്നു. അതിനുശേഷം ഇത്രയും വലിയ തകർച്ച ആദ്യമായാണ് ഉണ്ടാകുന്നത്. യുക്രെയ്ൻ-റഷ്യ യുദ്ധവും കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയതുമാണ് സംവത് 2078ൽ വിപണിക്ക് തിരിച്ചടിയായത്. സൂചികകൾ ഇനിയും താഴാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിപണിയുടെ നിലവിലെ അവസ്ഥ പ്രതികൂലമാണ്. എന്നാൽ ഈ പ്രതികൂല സാഹചര്യം സൂചികകളിൽ പൂർണമായി പ്രതിഫലിച്ചിട്ടില്ല. ഐടി, ബാങ്കിങ് ഓഹരികൾ കൂടുതൽ കരുത്തോടെ നിലനിൽക്കുന്നതാണ് ഇതിന് കാരണം. അതേസമയം സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകൾ ഇടിവ് രേഖപ്പെടുത്തി. ഇത്തരം അനിശ്ചിതത്വങ്ങൾക്കിടയിൽ ഒരു സംവത് വർഷം ആരംഭിക്കുന്നത് ഇതാദ്യമാണെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രതിസന്ധികൾക്കിടയിലും മുഹൂർത്ത വ്യാപാരം ഓഹരി വിപണിക്ക് പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ. ദീപാവലി ദിനമായ നവംബർ എട്ടിനാണ് ഇത്തവണ ഒരു മണിക്കൂർ നീളുന്ന പ്രത്യേക വ്യാപാരം നടക്കുക. ഹിന്ദു കലണ്ടർ പ്രകാരമുള്ള പുതുവർഷത്തിന്റെ തുടക്കം കുറിക്കാനായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന പ്രത്യേക വ്യാപാരമാണിത്. എട്ടാം തീയതി ഉച്ചയ്ക്ക് 2.05 മുതൽ 2.15 വരെ പ്രീ-ഓപ്പൺ സെഷനും, 2.20 മുതൽ 3.30 വരെ സാധാരണ വ്യാപാരവും നടക്കും. പുതിയ ഓഹരികൾ വാങ്ങുന്നതിനും നിലവിലുള്ള ഓഹരി പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഇത് ശുഭകരമായ സമയമായാണ് നിക്ഷേപകർ പലപ്പോഴും കണക്കാക്കാറുള്ളത്.



