KAUMUDI

ജഡ്ജിയുടെ മകന്റെ കാറിടിച്ച് തട്ടുകടക്കാരൻ മരിച്ച സംഭവം: അട്ടിമറികൾ പൊളിഞ്ഞു, ജഡ്ജിക്കെതിരെ കേസ്

കൊച്ചി: ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന തട്ടുകടക്കാരനെ ബെൻസ് കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജഡ്ജിപുത്രനെ സംരക്ഷിക്കാൻ പോലീസ് നടത്തിയ നീക്കങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തിയതോടെ, പിതാവായ ജഡ്ജിയെയും കേസിൽ പ്രതി ചേർത്തു.

മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ശക്തമായ എതിർപ്പും മാധ്യമങ്ങളുടെ നിരന്തരമായ സമ്മർദ്ദവും നിയമസഭയിലെ വിമർശനങ്ങളും ആഭ്യന്തരമന്ത്രിയുടെ അതൃപ്തിയും ഒത്തുചേർന്നതോടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് തടയിടാൻ അധികൃതർ നിർബന്ധിതരായത്. അമിതവേഗതയിൽ പാഞ്ഞെത്തിയ 17 വയസ്സുള്ള പ്ലസ്ടു വിദ്യാർത്ഥിയുടെ കാറിടിച്ച് പാവപ്പെട്ട ഒരു ഗൃഹനാഥനാണ് ദാരുണമായി കൊല്ലപ്പെട്ടത്. 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നു കാർ ഓടിച്ചിരുന്നത്. പ്രതിയായ കൗമാരക്കാരനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതിന് പിന്നാലെ, പിതാവിനെതിരെയും നിയമനടപടി സ്വീകരിക്കുകയായിരുന്നു. മോട്ടോർ വാഹന അപകടക്കേസുകൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ ജില്ലാ ജഡ്ജിയെ കൂടി പ്രതിയാക്കിക്കൊണ്ട് എഫ്.ഐ.ആർ പരിഷ്കരിച്ചു. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിലാണ് കാർ ഓടിച്ചതെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അപകടസമയത്ത് ഉള്ളിലുള്ളവർ പകർത്തിയ ദൃശ്യങ്ങളിൽ കാറിന്റെ അമിതവേഗത വ്യക്തമാണ്.

ജയബാലകൃഷ്ണന്റെ (55) മക്കളായ ഭദ്രകീർത്തിയും ഭാഗ്യ ദർശനും ചേർന്ന് ചേരാനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ രാത്രി വൈകിയും തുടർന്നു. ജഡ്ജിയെ അറസ്റ്റ് ചെയ്യുക, സസ്പെൻഡ് ചെയ്യുക, പ്രതിയുടെ ജാമ്യം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഇവർ ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുടുംബവുമായി സംസാരിക്കുകയും, എ.ഡി.ജി.പി പി. വിജയൻ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിക്കാൻ ബന്ധുക്കൾ തയ്യാറായത്.

ജഡ്ജിയെ സസ്പെൻഡ് ചെയ്തേക്കും

സംഭവത്തിൽ ജഡ്ജിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടൻ കൈക്കൊള്ളും. ജഡ്ജിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്.


Source link

Related Articles

Back to top button