KAUMUDI

വൈദ്യുതി വേണ്ട, ബാറ്ററി ചാർജ് തീരുമെന്ന ടെൻഷനുമില്ല; കൗതുകമായി ഈ കലാകാരൻ കളിമണ്ണിൽ തീർത്ത സ്‌പീക്കറുകൾ

ശിവപ്രകാശ്

തലമുറകളായി കൈമാറിവന്ന കളിമൺ കരകൗശല വിദ്യയ്‌ക്ക് ആധുനികതയുടെ സ്‌പർശം നൽകിയതിലൂടെ ശ്രദ്ധിക്കപ്പെടുകയാണ് ശിവപ്രകാശ് എന്ന യുവ കലാകാരൻ. കളിമണ്ണിൽ അദ്ദേഹം തീർക്കുന്ന രൂപങ്ങൾക്ക് ആസ്വാദകരും ആവശ്യക്കാരും ഏറെയാണ്. വ്യത്യ‌സ്‌തങ്ങളായ രൂപത്തിൽ തയ്യാറാക്കുന്ന ചെടിച്ചട്ടികൾ മുതൽ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നിർമ്മിക്കുന്ന കളിമൺ സ്‌പീക്കറുകൾവരെ അക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

കളിമണ്ണിൽ പിറന്ന സംഗീതം

കളിമൺ സ്‌പീക്കറിൽ പെയിന്റ് ചെയ്യുന്ന ശിവപ്രകാശ്

ബാറ്ററിയുടെയോ വൈദ്യുതിയുടെയോ സഹായമില്ലാതെ ഒരു മുറിയിലാകെ സംഗീതം നിറയ്‌ക്കാൻ സാധിക്കുന്നവയാണ് കളിമൺ സ്‌പീക്കറുകൾ. ഏതെങ്കിലും കാരണത്താൽ കേടുപാടുണ്ടായാലും പ്രകൃതിക്കോ പരിസ്ഥിതിക്കോ യാതൊരുവിധ മലിനീകരണവും സംഭവിക്കുന്നില്ലയെന്നതാണ് ഈ സ്‌പീക്കറുകളുടെ ഏറ്റവും വലിയ പ്രത്യേകത. മൊബൈൽഫോണിൽ പാട്ടിട്ടശേഷം ഈ കളിമൺ സ്‌പീക്കറുകൾക്കുള്ളിലേക്ക് വച്ചാൽ മതി, ശബ്ദം സ്വാഭാവികമായി ഉയർന്നുകേൾക്കും. കരകൗശലവിദ്യയെ ശാസ്‌ത്രവുമായി സമന്വയിപ്പിച്ചാണ് ഈ കളിമൺ സ്‌പീക്കർ ഒരുക്കിയിരിക്കുന്നത്.

സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തൽ

കളിമൺ മാസ്‌കും ശിവരൂപവും

സാധാരണയായി നാം കണ്ടുമറന്ന കോളാമ്പിയുടെ ആകൃതിയിൽ മാത്രമല്ല ശിവപ്രകാശ് കളിമൺ സ്‌പീക്കറുകൾ തയ്യാറാക്കുന്നത്. വ്യത്യ‌സ്തങ്ങളായ പല രൂപങ്ങളും പരീക്ഷിക്കാറുണ്ട്. ഹാംഗ്‌ ചെയ്‌തിടാൻ കഴിയുന്ന മോഡലുകൾ അതിൽ മറ്റൊരു നല്ലൊരു ചിത്രകാരൻ കൂടിയായ അദ്ദേഹം വീണപോലുള്ള സംഗീതോപകരണങ്ങളുടെ രൂപങ്ങളും, കേരളീയ കലകളുടെ രൂപങ്ങളും അവയിൽ വരച്ച് സംസ്‌കാരത്തെ അടയാളപ്പെടുത്താനും ശ്രദ്ധിക്കുന്നു.

ഒരു സ്‌പീക്കർ എന്നതിലുപരിയായി വീടിന്റെയോ സ്ഥാപനത്തിന്റെയോ ഭംഗി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു അലങ്കാര വസ്‌തുവായും ഇവ ഉപയോഗിക്കാം.520 മുതൽ 25000 രൂപവരെ നൽകി ഇവ സ്വന്തമാക്കാൻ ധാരാളം പേർ ശിവപ്രകാശിനെ സമീപിക്കാറുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള രൂപങ്ങളിലും സ്‌പീക്കറുകൾ തയ്യാറാക്കി നൽകാറുണ്ട്. സ്‌പീക്കറുകൾക്ക് പുറമെ കളിമണ്ണിൽ നിർമ്മിച്ച മാസ്‌കുകളിലും അദ്ദേഹം മനോഹരങ്ങളായ പെയിന്റിംഗുകൾ ചെയ്യാറുണ്ട്.

കലാകാരന്മാരുടെ ഗ്രാമം

കരകൗശലത്തിനും മൺപാത്രനിർമ്മാണത്തിനും പേരുകേട്ട മലപ്പുറം ജില്ലയിലെ നിലമ്പൂർ അരുവാക്കോടാണ് ശിവപ്രകാശിന്റെ ഗ്രാമം. അച്ഛൻ ചാമിയും അമ്മ മുത്തുവും പരമ്പരാഗതമായി തന്നെ കളിമണ്ണിൽ രൂപങ്ങൾ തീർത്തിരുന്നവർ. ജനിച്ച നാൾമുതൽ അതുകണ്ട് വളർന്ന ശിവപ്രകാശിന് കളിമൺ രൂപങ്ങളുണ്ടാക്കുന്നത് അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല. പ്ലസ്‌ടു കഴിഞ്ഞയുടൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്‌സും ഫീൽഡ് എഞ്ചിനിയറിംഗ് കോഴ്‌സും പൂർത്തിയാക്കി. പിന്നാലെ കമ്പ്യൂട്ടർ ഹാ‌ർഡ്‌വെയറുമായി ബന്ധപ്പെട്ട ഒരു ഷോപ്പിൽ ജോലി ചെയ്തെങ്കിലും തിരികെ പാരമ്പര്യത്തിന്റെ വഴികളിലേക്കുതന്നെ മടങ്ങിയെത്തി. ചെണ്ടവാദ്യം ശാസ്‌ത്രീയമായി പരിശീലിച്ചിട്ടുള്ള ശിവപ്രകാശ് കരകൗശലത്തിനുപുറമെ ആ മേഖലയിലും സജീവമാണ്.

ശിവപ്രകാശ്

കോഴിക്കോട് സർഗാലയ കേരള ആർട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജിൽ നടന്ന സർഗാലയ അന്താരാഷ്‌ട്ര കരകൗശല മേളയിൽ ആദ്യമായി തത്സമയ പോട്ടറി ഡെമോൺസ്‌ട്രേഷൻ അവതരിപ്പിച്ചതാണ് അദ്ദേഹത്തിന്റെ കലാജീവിതത്തിലെ വഴിത്തിരിവായത്. സർഗാലയിലെ പ്രൊഡക്‌ട് ഡിസൈനറായ സഹോദരൻ ശിവദാസനാണ് ആ പരിപാടിയിലേക്ക് ക്ഷണിച്ചത്. അവിടെ നിന്നും കളിമൺ കരകൗശലമേഖലയുടെ സാദ്ധ്യതകളെപ്പറ്റി ശിവപ്രകാശ് മനസിലാക്കി.

ആ അനുഭവം കേരളത്തിന്റെ മൺപാത്ര നിർമ്മാണപാരമ്പര്യം സംരക്ഷിക്കുന്നതിനൊപ്പം കളിമൺ കരകൗശലത്തിൽ കൂടുതൽ ആധുനികമായ ആശയങ്ങൾ പരീക്ഷിക്കണമെന്ന ചിന്തയിലേക്ക് അദ്ദേഹത്തെ നയിച്ചു. തുടർന്നിങ്ങോട്ട് വ്യത്യസ്‌തങ്ങളായ പരിശീലന ക്ലാസുകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കരകൗശലമേളകളിലും പങ്കെടുക്കാൻ തുടങ്ങി. ഉപഭോക്താക്കളുടെ ആവശ്യങ്ങളും സമകാലിക ടെറാക്കോട്ട ഉൽപ്പന്നങ്ങളുടെ സാദ്ധ്യതകളും അദ്ദേഹം മനസിലാക്കി. ഇന്ന് കോവളം ക്രാഫ്റ്റ് വില്ലേജിൽ ടെറാക്കോട്ട സ്റ്റുഡിയോയിലെ മാസ്റ്റർ ക്രാഫ്‌റ്റ്‌സ്‌മാനാണ് ശിവപ്രകാശ്.

ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ചുള്ള കളിമൺ രൂപങ്ങൾ തയ്യാറാക്കാൻ ശിവപ്രകാശ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ദൂരെനാടുകളിൽനിന്നും എത്തുന്ന ആവശ്യക്കാർക്ക് എളുപ്പത്തിൽ കൊണ്ടുപോകാൻ സാധിക്കുന്ന വിധത്തിലാണ് ഇവ തയ്യാറാക്കുന്നത്. സ്‌പീക്കറുകൾക്ക് പുറമെ കളിമണ്ണിൽ തീർക്കുന്ന വ്യത്യസ്‌തങ്ങളായ ചെടിച്ചട്ടികൾക്കും ആവശ്യക്കാർ ഏറെയുണ്ട്. വ്യത്യ‌സ്‌തങ്ങളായ കളിമൺ രൂപങ്ങളിൽ കേരളത്തിലെയും ഉത്തരേന്ത്യയിലെയും പരമ്പരാഗത കലകളിൽനിന്നും ഊർജം ഉൾക്കൊണ്ടുകൊണ്ടുള്ള ചിത്രങ്ങൾ പെയിന്റ് ചെയ്യാറുമുണ്ട്. ഇവയ്‌ക്കും വിപണിയിൽ വലിയ മൂല്യമുണ്ട്.

കൗതുകമാകുന്ന മിനിയേച്ചർ രൂപങ്ങൾ

മിനിയേച്ചർ കളിമൺ രൂപങ്ങൾ

ഉപഭോക്താക്കളിൽ കൗതുകമുണർത്തുന്നവയിൽ പ്രധാനപ്പെട്ടവയാണ് കളിമണ്ണിൽ തീർക്കുന്ന മിനിയേച്ചർ രൂപങ്ങൾ. ഒരു സെന്റീമീറ്റർമുതൽ നാല് മില്ലീമീറ്റർവരെ വലിപ്പത്തിൽ ചെറിയ രൂപങ്ങളൊരുക്കാൻ ശിവപ്രകാശിന് അസാധാരണമായ കഴിവുണ്ട്. വീട്ടുപകരണങ്ങൾ മുതൽ കാണുമ്പോൾ വാത്സല്യം തോന്നുന്ന വളർത്തുമൃഗങ്ങളെപ്പോലും കളിമണ്ണിൽ രൂപപ്പെടുത്തും. സൂക്ഷ്‌മമായ വിശദാംശങ്ങൾ പോലും കൈകൊണ്ടൊരുക്കുന്ന ഈ ചെറിയ രൂപങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മിനിയേച്ചർ രൂപങ്ങൾ

സന്ദർശകർകരെ വിസ്മയിപ്പിക്കും കളിമൺ ലോകം

ഇന്ന് ക്രാഫ്‌റ്റ് വില്ലേജിലെ ജോലിക്കൊപ്പം വീട്ടിൽ ഒരു ചെറിയ പ്രദർശനവും ശിവപ്രകാശ് ഒരുക്കുന്നുണ്ട്. ആധുനികമായ ചുറ്റുപാടുകളിലൊരുക്കുന്ന പോട്ടറി വർക്ക്‌ഷോപ്പുകൾ ഇന്ന് ധാരാളമുണ്ട്. എന്നാൽ, പരമ്പരാഗതമായ ചുറ്റുപാടിൽ കളിമൺ കരകൗശലത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടാണ് ശിവപ്രകാശ് തന്റെ വീട്ടിൽ പ്രദർശനവും വർക്ക് ഷോപ്പുകളും ഒരുക്കുന്നത്. ആധുനിക രീതിയിലുള്ള പോട്ടറി വീലുകൾക്കൊപ്പം പരമ്പരാഗത രീതിയിൽ കുലാല ചക്രം ഉപയോഗിച്ചുള്ള പോട്ടറി മേക്കിംഗും സന്ദർശകർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു.

‘കളിമണ്ണിൽ പുതിയ ആശയങ്ങൾ പരീക്ഷിച്ച് പുതിയൊരു സൃഷ്‌ടിക്ക് രൂപം നൽകുകയെന്നത് അൽപം കൗതുകമുള്ള കാര്യമാണ്. മനസിലുള്ള ആശയം യാഥാർത്ഥ്യമാക്കിയെടുക്കുമ്പോൾ വല്ലാത്തൊരു സംതൃപ്‌തിയാണ് അനുഭവപ്പെടുന്നത്. കൂടുതൽപ്പേരും വൈറ്റ് കോളർ ജോലികൾ അന്വേഷിച്ച് പോകുന്ന കാലത്ത് ഈ പരമ്പരാഗത കലയെ ആധുനികമായ രീതിയിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്നതാണ് ലക്ഷ്യം. അതിനായി സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ സഹായങ്ങൾ കിട്ടേണ്ടതുണ്ട്’- ശിവപ്രകാശ് പറയുന്നു.


Source link

Related Articles

Back to top button