ആർ.ശ്രീലേഖ രാജിവെച്ചിട്ടില്ല; ആശങ്ക പങ്കുവെക്കുകമാത്രം ചെയ്തു, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ

തിരുവനന്തപുരം∙ ആർ.ശ്രീലേഖ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനം രാജിവച്ചെന്ന പ്രചാരണം പൂർണമായും തെറ്റാണെന്ന് ബിജെപി നേതാവ് എസ്.സുരേഷ് വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന അവർ, ജനപ്രതിനിധിയെന്ന നിലയിലുള്ള ചുമതലകൾ പൂർണ്ണമായി ചെയ്യാനാകുമോ എന്ന ആശങ്ക തങ്ങളുടെ അടുത്ത് പങ്കുവെയ്ക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ശ്രീലേഖ ചേച്ചിയെ നേരിൽക്കണ്ട് സംസാരിച്ചിരുന്നുവെന്നും, കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത ശാരീരിക അസ്വസ്ഥതകൾ അവരെ അലട്ടുന്നുണ്ടെന്നും സുരേഷ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ സാധിക്കുമോ എന്ന ഉത്കണ്ട അവർ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുകയാണുണ്ടായത്. എന്നാൽ ദൗർഭാഗ്യവശാൽ ഇത് വലിയ തോതിലുള്ള മാധ്യമ ചർച്ചകൾക്ക് വഴിമാറുകയായിരുന്നു. ആർ. ശ്രീലേഖ രാജി വെച്ചുവെന്ന വാർത്തകളിൽ യാതൊരുവിധ സത്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രാഷ്ട്രീയ പാർട്ടികളിലേക്ക് പോകുമെന്നും, പദവികൾ കിട്ടാത്തതുകൊണ്ട് പാർട്ടിയുമായി വിലപേശൽ നടത്തുകയാണെന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ സാധാരണ മര്യാദയ്ക്ക് പോലും നിരക്കുന്നതല്ല. ബിജെപിയുടെ കോർപറേഷൻ ഭരണം ഉടൻ വീഴുമെന്ന തരത്തിൽ ചിലർ ദിവാസ്വപ്നം കാണുന്നുണ്ട്. ആ വ്യാമോശം മനസ്സിൽ വെച്ചാൽ മതിയെന്നും, അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം നഗരസഭ ബിജെപി തന്നെ ഭരിക്കുമെന്നും എസ്.സുരേഷ് കൂട്ടിച്ചേർത്തു.
കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് കാരിയും ഡിജിപിയുമായ ആർ.ശ്രീലേഖയെ കെ.സുരേന്ദ്രനാണ് ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. അന്നുമുതൽ പാർത്തിയോട് പൂർണ്ണ പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് അവർ. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയിൽ വളരെ മികച്ച പ്രവർത്തനമാണ് അവർ കാഴ്ചവെക്കുന്നത്. പാർട്ടി ആവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെയാണ് അവർ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറായത്. പാർട്ടി നടത്തിയ മൂന്നു ദിവസത്തെ ജില്ലാതല പഠനശിബിരത്തിൽ ഒരു സാധാരണ പാർട്ടി പ്രവർത്തകയെപ്പോലെ അവരും സജീവമായി പങ്കെടുത്തിരുന്നു.
അഴിമതിക്കെതിരെ നിരന്തരം പോരാടിയ ആർ.ശ്രീലേഖയ്ക്ക് അനധികൃത സമ്പാദ്യങ്ങളൊന്നുമില്ല. സ്വന്തം പെൻഷൻ തുക എടുത്താണ് അവർ തന്റെ വാർഡിലെ ജനങ്ങളെ സേവിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയക്കാരുടെ ശൈലി അല്ല അവരുടേത്; മറിച്ച് ഒരു സ്ത്രീയും അമ്മയുമായ അവർ എക്കാലത്തും ജനങ്ങൾക്കൊപ്പം സേവനത്തിനായി ഉണ്ടാകും. അവർ എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നുവെന്നും സുരേഷ് കുറിച്ചു. തനിക്കൊപ്പം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമനും, ജില്ലാ പ്രസിഡന്റ് കരമന ജയൻ, മേയർ വി.വി. രാജേഷ് എന്നിവരും ആശുപത്രിയിൽ എത്തി ശ്രീലേഖയെ സന്ദർശിച്ചിരുന്നു.
Source link



