KAUMUDI

മഴ മുന്നറിയിപ്പിൽ മാറ്റം; ഒമ്പത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം, ശക്തമായ കാറ്റിനും സാദ്ധ്യത

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ മഴ തുടരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തെക്കൻ കേരള തീരത്തോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5.8 കിലോമീറ്റർ മുകളിലായി ഒരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, വടക്കൻ തമിഴ്നാടിന് മുകളിലും സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയുടെ സാന്നിധ്യമുണ്ട്.

മന്നാർ കടലിടുക്കിൽ നിന്ന് ആരംഭിച്ച് തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ വഴി മദ്ധ്യ മഹാരാഷ്ട്രയിലേക്ക് നീളുന്ന ന്യൂനമർദ്ദപാത്തിയും നിലവിലുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി ഒക്ടോബർ ആറ് മുതൽ പത്ത് വരെ കേരളത്തിൽ പലയിടത്തും മിതമായതോ ലഘുവായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മഞ്ഞ അലർട്ട്

06/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

09/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്

10/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി

എന്നീ ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന കാലാവസ്ഥാ സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വിശേഷിപ്പിക്കുന്നത്.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ ജീവന് ഭീഷണിയാകുന്ന ഒന്നാണ്. ഇവ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഒപ്പം വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾക്കും വീടുകളിലെ വൈദ്യുതോപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ, ആകാശത്ത് കാർമേഘങ്ങൾ കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എല്ലായ്പ്പോഴും കണ്ണുകൊണ്ട് കാണാൻ സാധിച്ചെന്നു വരില്ല എന്നതിനാൽ സുരക്ഷാ മുൻകരുതുകൾ ഒഴിവാക്കാൻ പാടില്ല.

മിന്നലിന്റെ ചെറിയൊരു ലക്ഷണം പോലും കണ്ടാലുടൻ എത്രയും പെട്ടെന്ന് സുരക്ഷിതമായ ഏതെങ്കിലും കെട്ടിടത്തിന്റെ അകത്തേക്ക് പ്രവേശിക്കുക. തുറന്ന സ്ഥലങ്ങളിൽ തുടരുന്നത് മിന്നലേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.
ശക്തമായ കാറ്റും മിന്നലും ഉണ്ടാകാൻ സാധ്യതയുള്ള വേളകളിൽ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടുക. വാതിലുകൾക്കും ജനലുകൾക്കും സമീപം നിൽക്കുന്നത് ഒഴിവാക്കുക. കെട്ടിടത്തിനുള്ളിൽ തന്നെ കഴിയുകയും പരമാവധി ഭിത്തിയിലോ തറയിലോ തൊടാതെ ഇരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.
വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരി മാറ്റി വൈദ്യുതി ബന്ധം വിച്ഛേദിക്കുക. മിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുടെ അരികിൽ നിൽക്കുന്നത് ഒഴിവാക്കേണ്ടതാണ്.
ഇടിമിന്നൽ ഉള്ളപ്പോൾ ലാൻഡ്‌ലൈൻ ഫോണുകൾ ഉപയോഗിക്കാതിരിക്കുക. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം പൂർണ്ണമായും മേഘാവൃതമാണെങ്കിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ടെറസുകളിലോ മറ്റ് തുറന്ന സ്ഥലങ്ങളിലോ കളിക്കുന്നതും നിൽക്കുന്നതും ഒഴിവാക്കണം.
മിന്നലുള്ള സമയത്ത് ഒരിക്കലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. വാഹനങ്ങൾ മരങ്ങളുടെ കീഴിൽ പാർക്ക് ചെയ്യാനും പാടില്ല.
ഇടിമിന്നൽ അനുഭവപ്പെടുന്ന സമയത്ത് കാറുകൾക്കകത്ത് തന്നെ ഇരിക്കുക. കൈകാലുകൾ പുറത്തേക്ക് നീട്ടാതിരിക്കാൻ ശ്രദ്ധിക്കുക. വാഹനത്തിനുള്ളിൽ നിങ്ങൾ സുരക്ഷിതരായിരിക്കും. എന്നാൽ സൈക്കിൾ, ഇരുചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ തുടങ്ങിയവയിലുള്ള യാത്ര ഈ സമയത്ത് പൂർണ്ണമായും ഒഴിവാക്കി, മിന്നൽ ശമിക്കുന്നത് വരെ സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടേണ്ടതാണ്.
മഴക്കാറ് കാണുന്ന മാത്രയിൽ മുറ്റത്തേക്കോ ടെറസിലേക്കോ നനഞ്ഞ തുണികൾ എടുക്കാനായി ഈ സമയത്ത് പോകരുത്.
കാറ്റിൽ എളുപ്പത്തിൽ വീണുപോകുവാൻ സാധ്യതയുള്ള സാധനങ്ങൾ ഭദ്രമായി കെട്ടിയിടുക.
മിന്നലുള്ളപ്പോൾ കുളിക്കുന്നത് ഒഴിവാക്കുക. പൈപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും തടയുക. ജലവിതരണ പൈപ്പുകളിലൂടെ മിന്നലിന്റെ വൈദ്യുതി സഞ്ചരിക്കാൻ ഇടയുണ്ട്.
ഇടിമിന്നൽ ശക്തമാകുമ്പോൾ കുളങ്ങളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻ പിടിക്കാനോ പോകരുത്. കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ബോട്ടിങ്, മത്സ്യബന്ധനം തുടങ്ങിയ തൊഴിലുകൾ നിർത്തിവെച്ച് ഉടൻ തന്നെ കരയിലേക്ക് മടങ്ങണം. മിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുതേ. ചൂണ്ടയിടുന്നതും വലവീശുന്നതും ഇത്തരം സന്ദർഭങ്ങളിൽ പൂർണ്ണമായി നിർത്തണം.
പട്ടം പറത്തുന്ന വിനോദങ്ങൾ ഒഴിവാക്കുക.

        RELATED TOPICS: KERALA RAIN ALERT, KERALA WEATHER, KERALA RAINFALL, YELLOW ALERT KERALA, IMD WEATHER UPDATE

Source link

Related Articles

Back to top button