പാലം പണിയുന്നതുവരെ വീട്ടിലിരിക്കാനാവുമോ? സ്വകാര്യബസ് സർവീസ് വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധം ശക്തം

മേലുകാവ് ∙ കുരിശുങ്കൽ പാലം പൊളിച്ചുനീക്കിയതിനെ തുടർന്നുണ്ടായ യാത്രാദുരിതം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഏക സ്വകാര്യ ബസും കൂടി ഓട്ടം നിർത്തയതോടെ മലയോര മേഖലയിലെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
തകർന്നുകിടക്കുന്ന ബദൽ റോഡിലൂടെയുള്ള സർവീസ് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബസുടമ സർവീസ് അവസാനിപ്പിച്ചത്. റോഡിന്റെ ശോച്യാവസ്ഥ കാരണം വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾ, ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ചുള്ള ആശങ്കകൾ എന്നിവയും സർവീസ് നിർത്തുന്നതിന് കാരണമായി ഉടമ വ്യക്തമാക്കുന്നു.
ഈ ബസിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന മേച്ചാൽ, വാളകം, മോസ്കോ, ഇരുമാപ്ര, മേലുകാവ് തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരും അടങ്ങുന്ന നൂറുകണക്കിന് സാധാരണക്കാരാണ് കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്.
മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലെ മലയോര വാർഡുകളിൽ നിന്നുള്ള ജനങ്ങളുടെ പ്രധാന ആശ്രയമായിരുന്നു ഈ സ്വകാര്യ ബസ്. നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായി അടിയന്തരമായി ബസ് സർവീസ് പുനരാരംഭിക്കണമെന്നും, അല്ലെങ്കിൽ കെഎസ്ആർടിസിയോ ബദൽ സംവിധാനമോ ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Source link




