യുഎഇയിൽ മലയാളികൾക്ക് സുവർണ്ണാവസരം; കേരളവുമായി ബന്ധിപ്പിച്ച് വൻ പദ്ധതിയുമായി പ്രമുഖ സ്ഥാപനങ്ങൾ

ദുബായ് ∙ ഇന്ത്യൻ സ്റ്റാർട്ടപ് സംരംഭകർക്ക് യുഎഇ വിപണിയിലേക്ക് ചുവടുറപ്പിക്കാൻ സുവർണാവസരവുമായി ദുബായ് വേൾഡ് ട്രേഡ് സെന്ററിനു കീഴിലുള്ള ബിസിനസ് ഹബ്ബായ ‘സെൻട്രൽ’. ‘എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ’ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന 100 ഇന്ത്യൻ സംരംഭകർക്കാണ് ദുബായിൽ ഒരാഴ്ച നീളുന്ന പ്രത്യേക ബിസിനസ് അനുഭവവും അവസരങ്ങളും ഒരുക്കുന്നത്. സ്റ്റാർട്ടപ് തമിഴ്നാടുമായുള്ള പങ്കാളിത്തവും പദ്ധതിയുടെ ഭാഗമായി പരിഗണനയിലുണ്ട്.
ഈ ഉദ്യമത്തിലൂടെ ദുബായിലെ പ്രമുഖ ഉപഭോക്താക്കൾ, നിക്ഷേപകർ എന്നിവരുമായി നേരിട്ട് ആശയവിനിമയം നടത്താനും ബിസിനസ് കൂട്ടുകെട്ടുകൾ സ്ഥാപിക്കാനും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സാധിക്കും. സെൻട്രലിന്റെ പൂർണ്ണ ആതിഥേയത്വത്തിൽ ദുബായിലെത്തുന്ന 100 സംരംഭകർക്ക് പ്രശസ്തമായ ജൈടെക്‌സ് ഗ്ലോബൽ, എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ എന്നീ മേളകളിൽ പങ്കെടുക്കാനും അവസരമുണ്ടാകും. കൂടാതെ, സെൻട്രൽ കേന്ദ്രമാക്കി തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ മിഡിൽ ഈസ്റ്റ് വിപണിയിലേക്ക് വ്യാപിപ്പിക്കാനും ഇതിലൂടെ കഴിയുമെന്ന് സെൻട്രൽ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ റഫീസ് റഹ്‌മത്തുല്ല വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ദുബായിൽ രണ്ട് പുതിയ ബിസിനസ് കേന്ദ്രങ്ങൾ കൂടി സെൻട്രൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
Source link



