MANORAMA
പട്ടയം നൽകുമ്പോൾ മനസ്സിൽ നിരാശ തോന്നി; വണ്ടൂർ കോട്ടയുടെ മാജിക്കും അവരോടുള്ള അടുപ്പവും വെളിപ്പെടുത്തി അധികാരികൾ

തിരുവനന്തപുരം ∙ കഴിഞ്ഞ നാലു മാസം കൊണ്ട് മുന്‍ സര്‍ക്കാരുകള്‍ക്കൊന്നും സാധ്യമാകാത്തത്ര നേട്ടങ്ങള്‍ കൈവരിക്കാന്‍ വി.ഡി.സതീശന് സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടെന്ന് റവന്യൂമന്ത്രി എ.പി.അനില്‍കുമാര്‍. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ജനാധിപത്യത്തില്‍ സ്വാഭാവികമാണെങ്കിലും, പാര്‍ട്ടി വേദികളില്‍ പറയേണ്ട കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്നത് നല്ല പ്രവണതയല്ലെന്ന് അദ്ദേഹം മനോരമ ഓണ്‍ലൈന്‍ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. നിയമസഭാംഗമായി കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെക്കുറിച്ചും കെ.സി.വേണുഗോപാലുമായുള്ള ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന് ഇന്നൊരു പ്രസക്തിയുമില്ല. മുഖ്യമന്ത്രി വി.ഡി.സതീശന് ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന ആക്ഷേപത്തിനും എ.പി.അനില്‍കുമാറിന് വ്യക്തമായ മറുപടിയുണ്ട്. കാല്‍നൂറ്റാണ്ടായി വണ്ടൂര്‍ മണ്ഡലം തന്നോടൊപ്പം നില്‍ക്കുന്നതിന്റെ രഹസ്യവും കെപിസിസി നേതൃമാറ്റത്തെക്കുറിച്ചുള്ള നിലപാടും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.∙ കെഎസ്യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1984ല്‍ കെഎസ്യു മലപ്പുറം ജില്ലാ സെക്രട്ടറിയായി. പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലെത്തി. അങ്ങനെ പടിപടിയായാണ് സംഘടനാ രംഗത്ത് വളര്‍ന്നുവന്നത്. ഇപ്പോള്‍ മൂന്നാം തവണയാണ് മന്ത്രിയാകുന്നത്. പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരാന്‍ തക്ക അനുകൂല സാഹചര്യങ്ങളും രാഷ്ട്രീയ പശ്ചാത്തലവും കുടുംബത്തിലുണ്ടായിരുന്നോ? വീട്ടില്‍ അച്ഛനും അമ്മയും ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. കെഎസ്യുവിലൂടെയാണ് ഞാന്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് കാലെടുത്തു വെക്കുന്നത്. ആ രാഷ്ട്രീയ ആവേശമാണ് പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. 1984ല്‍ കെഎസ്യു മലപ്പുറം ജില്ലാ സെക്രട്ടറിയായും 1987ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1996ല്‍ പാലക്കാട് തൃത്താലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും 4000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എന്നാല്‍ 2001ല്‍ വണ്ടൂരില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. അന്ന് എന്നെ നെഞ്ചിലേറ്റിയ വണ്ടൂരിലെ ജനങ്ങള്‍ ഇന്നും ഒപ്പമുണ്ട്. 2004ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലൂടെയാണ് ആദ്യമായി മന്ത്രിയാകുന്നത്. പിന്നീട് 2011-16 കാലഘട്ടത്തിലും മന്ത്രിയായി സേവനം അനുഷ്ഠിച്ചു. എനിക്ക് സാംസ്കാരിക വകുപ്പിന്റെ ചുമതലയുണ്ടായിരുന്നപ്പോഴാണ് കലാമണ്ഡലം കല്പിത സര്‍വകലാശാലയായി ഉയര്‍ത്തപ്പെട്ടത്.∙ പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് വലിയ തിരിച്ചുവരവ് നടത്തിയപ്പോള്‍ ഏറെ നിര്‍ണായകമായ വകുപ്പാണ് താങ്കളെ തേടിയെത്തിയിരിക്കുന്നത്. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ഏറ്റവും അടുത്തു നില്ക്കുന്ന റവന്യൂ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. നൂറു ദിവസം പിന്നിടുമ്പോള്‍ എത്രത്തോളം തൃപ്തനാണ്? ഈ നൂറു ദിവസത്തെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ അത്യധികം തൃപ്തനാണ്. നമ്മള് ലക്ഷ്യം വെച്ചതിനേക്കാളേറെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് രണ്ടര ലക്ഷത്തോളം അപേക്ഷകളാണ് കെട്ടിക്കിടന്നിരുന്നത്. ആദ്യ നൂറു ദിവസം കൊണ്ട് 25,000 അപേക്ഷകള്‍ തീര്‍പ്പാക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും, ഇതിനകം തന്നെ 50,000 അപേക്ഷകള്‍ വിജയകരമായി തീര്‍പ്പാക്കാന്‍ കഴിഞ്ഞു. അതായത് ലക്ഷ്യത്തിന്റെ ഇരട്ടി നേട്ടം. ഇതോടൊപ്പം പതിനായിരത്തോളം പട്ടയങ്ങളും വിതരണം ചെയ്തു. നിരവധി കോടതി ഉത്തരവുകളും മറ്റ് നിയമപരമായ നൂലാമാലകളും കാരണം നടപടിക്രമങ്ങള്‍ വൈകുന്നതാണ് പ്രധാന പ്രശ്നം. ചെറിയൊരു കാര്യത്തില്‍ പോലും സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുകയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഇല്ലാതിരിക്കുകയും ചെയ്താല്‍ ഫയലുകള്‍ അനന്തമായി നീളും. ഓരോ ഫയലിനു പിന്നിലും ഓരോ മനുഷ്യന്റെ ജീവിതമുണ്ട്. ഇത്തരം സങ്കീര്‍ണ്ണതകളില്‍പ്പെട്ട് ഒരുപാട് ജീവിതങ്ങള്‍ വഴിമുട്ടിപ്പോയിട്ടുണ്ടാകുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഡിജിറ്റലൈസേഷന് പരമാവധി ഫലപ്രദമാക്കി ഈ പോരായ്മകളെല്ലാം ഒഴിവാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.∙ സ്വന്തമായി ഒരിടവും അടച്ചുറപ്പുള്ളൊരു വീടും മാത്രം സ്വപ്നം കാണുന്ന നിരവധി സാധാരണക്കാര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. ഈ നൂറു ദിവസത്തെ ഭരണത്തിനിടയില്‍ ഹൃദയത്തെ സ്പര്‍ശിച്ച എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ? മന്ത്രിയെന്ന നിലയില്‍ എന്റെ നൂറു ദിവസത്തെ കര്മ്മപദ്ധതിക്കിടയില് മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച ധാരാളം അനുഭവങ്ങളുണ്ടായിട്ടുണ്ട്. സ്വന്തമായി സ്ഥലമുണ്ടായിട്ടും പട്ടയം ലഭിക്കാത്തതിനാല്‍ അത് വില്‍ക്കാനോ വാങ്ങാനോ ഉള്ള അവകാശമില്ലാതെ വിഷമിക്കുന്ന നിരവധിപേരുണ്ട്. ഇതൊരു വലിയ പ്രതിസന്ധിയാണ്. കോഴിക്കോട്ടെ പട്ടയമേള കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ 75 വയസ്സിനു മേല്‍ പ്രായമുള്ള ഒരു വയോധികനും ഭാര്യയും എന്നെയും കാത്ത് നില്‍ക്കുന്നത് ഞാന്‍ കണ്ടു. ചടങ്ങിലെ തിരക്കുകളെല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയിട്ടും അവര്‍ എനിക്കായി കാത്തിരിക്കുകയായിരുന്നു. തങ്ങളുടെ വലിയൊരു ആഗ്രഹം സാധിച്ചതിന്റെ സന്തോഷം കണ്ണീരോടെയാണ് അവര്‍ പങ്കുവെച്ചത്. കാരണം, 1975ല്‍ പട്ടയത്തിനായി അപേക്ഷിച്ചതാണവര്. കൃത്യം 50 വര്‍ഷത്തിനു ശേഷമാണ് ആ രേഖ അവരുടെ കയ്യിലെത്തുന്നത്. ആ നിമിഷം എനിക്ക് സന്തോഷമല്ല, മറിച്ച് ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ വലിയ നിരാശയാണ് തോന്നിയത്. നമ്മുടെ സംവിധാനത്തിലെ തകരാറുകള്‍ കാരണമാണ് ഒരു സാധാരണക്കാരന് പട്ടയം കിട്ടാൻ അമ്പതു വര്‍ഷം കാത്തിരിക്കേണ്ടി വന്നത്. ഇത്തരത്തിലുള്ള അനാവശ്യ കാലതാമസങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് അപ്പോഴേ ഞാൻ തീരുമാനിച്ചതാണ്. കാര്യങ്ങള്‍ എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കണമെന്ന ചിന്തയാണ് ആ അനുഭവം എനിക്ക് സമ്മാനിച്ചത്.
Source link
Source link




