സിംഗപ്പൂരിലേക്ക് വൈദ്യുതിയെത്തിക്കാൻ ഇന്ത്യ; അതിർത്തികൾ കടന്ന് മൂന്നു രാജ്യങ്ങളിലൂടെ മൂന്നായിരത്തോളം കിലോമീറ്റർ പവർ ഇടനാഴി

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ സിംഗപ്പൂരിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാനുള്ള നിർണായക നീക്കവുമായി ഇന്ത്യ. ഇരുരാജ്യങ്ങളെയും തമ്മിൽ കരമാർഗം ബന്ധിപ്പിച്ചുകൊണ്ട് 3,000 കിലോമീറ്റർ നീളത്തിൽ പുതിയ പവർ ലൈൻ സ്ഥാപിക്കുന്ന കാര്യം ഇന്ത്യയും സിംഗപ്പൂരും സജീവമായി പരിഗണിച്ചു വരികയാണ്. ആസിയാൻ പവർ ഗ്രിഡ് പദ്ധതിയുടെ ഭാഗമായാണ് 2,000 മെഗാവാട്ട് വൈദ്യുതി കൈമാറാൻ ലക്ഷ്യമിട്ടുള്ള ഈ ബൃഹദ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
മണിപ്പൂരിലെ ഇംഫാലിൽ തുടങ്ങി മ്യാൻമർ, തായ്ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങൾ വഴി സിംഗപ്പൂരുമായി കരമാർഗം പവർ ഗ്രിഡ് ബന്ധിപ്പിക്കാൻ സാധിക്കുമോയെന്നാണ് നിലവിൽ പരിശോധിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഊർജമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര ഊർജ സഹമന്ത്രി ശ്രീപദ് യെസോ നായിക്കാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്.
2035ഓടെ 6 ഗിഗാവാട്ട് പുനരുപയോഗ ഊർജം ഇറക്കുമതി ചെയ്യാൻ സിംഗപ്പൂർ ലക്ഷ്യമിടുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ ഈ പുതിയ നീക്കം വരുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ നിന്ന് നേരിട്ട് സിംഗപ്പൂരിലേക്ക് വൈദ്യുതിയെത്തിക്കാൻ സാധിക്കും. ഇത് മേഖലയുടെ മൊത്തത്തിലുള്ള ഊർജ സുരക്ഷയ്ക്ക് വലിയ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുനരുപയോഗ ഊർജ പദ്ധതികളുടെ നടത്തിപ്പ്, ഗ്രിഡ് സംയോജനം (ഗ്ര്രിഡ് ഇന്റഗ്രേഷൻ), ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ മേഖലകളിലെ സാങ്കേതിക വിദ്യ കൈമാറ്റത്തിനും ഇന്ത്യ ഉറപ്പുനൽകിയിട്ടുണ്ട്.
തങ്ങളുടെ പവർ ഗ്രിഡിന്റെ വ്യാപ്തി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ പുതിയ ചുവടുവെപ്പുകൾ നടത്തുന്നത്. നിലവിൽ ബംഗ്ലദേശ്, നേപ്പാൾ, മ്യാൻമർ, ഭൂട്ടാൻ എന്നീ അയൽരാജ്യങ്ങളിലേക്ക് ഇന്ത്യ നേരിട്ട് വൈദ്യുതി കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിനുപുറമേ ശ്രീലങ്കയെക്കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ എന്നിവയുമായി തങ്ങളുടെ പവർ ഗ്രിഡ് ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആകെ വൈദ്യുതി ഉൽപാദന ശേഷി 558.8 ജിഗാവാട്ടാണ്. ഇതിൽ 308 ജിഗാവാട്ട് വൈദ്യുതിയും ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നത്. അതായത് രാജ്യത്തിന്റെ ആകെ ഉൽപാദനത്തിന്റെ 55 ശതമാനവും ഇതിലൂടെയാണ് വരുന്നത്. പാരീസ് കരാർ പ്രകാരം 2030ഓടെ ആകെ വൈദ്യുതി ഉൽപാദനത്തിന്റെ 50 ശതമാനം മാത്രമേ ഫോസിൽ ഇതര ഇന്ധനങ്ങളിലേക്ക് മാറ്റാവൂ എന്നുള്ളൂ. എന്നാൽ, നിശ്ചയിച്ച സമയപരിട്രിക്ക് വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യ ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ചതായും കേന്ദ്ര മന്ത്രി എടുത്തുപറഞ്ഞു.
Source link



