അധികാരത്തിന്റെ തണലിൽ കൂട്ടുപിടിച്ച് മൗനം; മരണം വരെ പോരാടാൻ തല മുണ്ഡനം ചെയ്ത് വളർമതി

തിരുവനന്തപുരം∙ ‘സർക്കാരിന് കൃത്യമായ രീതിയിൽ കോഴ ലഭിക്കുന്നുണ്ടാകും. അതുകൊണ്ടുതന്നെയാകാം ഉദ്യോഗാർഥികളുടെ അവസ്ഥ കണ്ടില്ലെന്നു നടിച്ച് പണം നൽകുന്നവരെ മാത്രം അവർ പ്രോത്സാഹിപ്പിക്കുന്നത്. മരണം വരെ ഈ സമരവുമായി മുന്നോട്ടുപോകും’– പിഎസ്‌സി നിയമനങ്ങളിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത എൽപിഎസ്ടി റാങ്ക് ലിസ്റ്റ് സമരസമിതി കൺവീനർ വളർമതി വ്യക്തമാക്കി.
‘എങ്ങനെയാണ് ഈ പ്രശ്നം പരിഹരിക്കേണ്ടതെന്ന് വിദ്യാഭ്യാസ വകുപ്പിന് കൃത്യമായ ധാരണയുണ്ട്. എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ കാര്യം നോക്കൂ; അവർക്ക് നിയമനം ലഭിക്കാൻ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുകയോ നിരാഹാരം കിടക്കുകയോ തല മുണ്ഡനം ചെയ്യുകയോ ഒന്നും വേണ്ടി വന്നിട്ടില്ല, സർക്കാരവർക്ക് അനുകൂലമായി ഉത്തരവിറക്കുകയായിരുന്നു ചെയ്തത്. ഇത് സമ്പത്തിന്റെ അഹങ്കാരമാണ്. ഉദ്യോഗാർഥികളായ ഞങ്ങളെ തഴഞ്ഞ് മറ്റുള്ളവർക്ക് മുൻഗണന നൽകുന്നതിന് പിന്നിൽ കൃത്യമായ അഴിമതിയുണ്ട്’– വളർമതി കൂട്ടിച്ചേർത്തു.




