അമേരിക്കയ്ക്ക് ആറ് വർഷത്തിനുശേഷം പുതിയ ദേശീയോദ്യാനം

ഏകദേശം 12,000 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ ഉദ്യാനത്തിൽ പുൽമേടുകൾ, മരുഭൂമിയിലെ കുറ്റിച്ചെടികൾ, നദീതീര പ്രദേശങ്ങൾ, പൈൻ വനങ്ങൾ എന്നിവയുണ്ട്. അതുകൊണ്ടുതന്നെ വൈവിധ്യമാർന്ന വന്യജീവികളെയും ആവാസവ്യവസ്ഥകളെയും ഇവിടെ കണ്ടറിയാം.
ഏകദേശം 200 ഇനം പക്ഷികൾക്ക് പുറമെ 70-ലധികം ഇനം സസ്തനികൾ, 46 ഇനം ഉരഗങ്ങൾ, 8 ഇനം ഉഭയജീവികൾ എന്നിവയും ഇവിടെയുണ്ട്. ബാൻഡഡ് റോക്ക് റാറ്റിൽസ്നേക്ക് മുതൽ കാക്റ്റസ് റെൻ, വൈറ്റ്ടെയിൽ മാൻ, വൈറ്റ്-നോസ്ഡ് കോട്ടി വരെ ഒട്ടേറെ ജീവികളെ ശ്രദ്ധിക്കാം.
പ്രകൃതിയോടൊപ്പം ചേർന്നുനിൽക്കുമ്പോൾ ഈ പ്രദേശത്തിന്റെ സമ്പന്നമായ സാംസ്കാരിക ചരിത്രവും സന്ദർശകർക്ക് അനുഭവിക്കാം. ചിരികാഹുവ അപ്പാച്ചെ വിഭാഗക്കാരുടെ പൂർവികഭവനമാണ് ഈ ഉദ്യാനം. ചരിത്രാതീത കാലത്തെ തദ്ദേശീയ സമൂഹങ്ങൾ, ബഫലോ സോൾജിയേഴ്സ്, കർഷകർ, സിവിലിയൻ കൺസർവേഷൻ കോർപ്സ് എന്നിവരുമായും ഇവിടം ബന്ധപ്പെട്ടിരിക്കുന്നു.
ഉദ്യാനത്തിലെ പ്രധാന കാഴ്ചകൾ ആസ്വദിക്കാൻ മസായി പോയിന്റ്, എക്കോ കാന്യൻ, ഷുഗർലോഫ് എന്നിവിടങ്ങളിലേക്കുള്ള മനോഹരമായ ഡ്രൈവ് തിരഞ്ഞെടുക്കാം. പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രകൃതിയിലൂടെ 17 മൈൽ നീളമുള്ള വൈൽഡർനസ് പാതകളിൽ ട്രെക്കിംഗ് നടത്താം. 1800-കളുടെ അവസാനത്തിൽ സ്വീഡിഷ് കുടിയേറ്റക്കാർ താമസിച്ചിരുന്ന ഫാറവേ റാഞ്ച് ചരിത്രപ്രാധാന്യമുള്ള പ്രദേശവും സന്ദർശിക്കാം. രാത്രിയിൽ നക്ഷത്രനിരീക്ഷണത്തിനും അവസരമുണ്ട്. ഇതൊരു അന്താരാഷ്ട്ര ഡാർക്ക് സ്കൈ പാർക്ക് കൂടിയാണെന്ന കാര്യം പറയാതിരിക്കാനാവില്ലല്ലോ.
ദേശീയോദ്യാന പദവി സന്ദർശകർക്ക് എന്തെങ്കിലും മാറ്റം വരുത്തുമോ?
ചിരികാഹുവ നേരത്തെതന്നെ ദേശീയ സ്മാരകമായി സംരക്ഷിക്കപ്പെട്ടിരുന്നതിനാൽ, പുതിയ പേരും പുതുക്കിയ സൈൻബോർഡുകളും ഒഴിച്ചാൽ സ്ഥലത്ത് വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. അഗ്നിപർവത ഭൂപ്രകൃതിയിലൂടെയുള്ള മനോഹരമായ യാത്രകൾ, ട്രെക്കിംഗ്, വന്യജീവി നിരീക്ഷണം, രാത്രി ക്യാമ്പിംഗ് എന്നിവയെല്ലാം മുൻപത്തെപ്പോലെ തുടർന്നും ആസ്വദിക്കാം. നിലവിൽ, പുതിയ പദവി ലഭിക്കുന്നതിനു മുൻപത്തെപ്പോലെ, ചിരികാഹുവയിലെ പാർക്കിംഗും പ്രവേശന ഫീസും സൗജന്യമായി തുടരും.
എന്നാൽ ദേശീയോദ്യാന പദവി വരുന്നതോടെ പ്രദേശത്തേക്ക് ലഭിക്കുന്ന ശ്രദ്ധയായിരിക്കും ഏറ്റവും വലിയ മാറ്റം വരുത്തുക. സ്വതന്ത്ര ലാഭേച്ഛയില്ലാത്ത ഗവേഷണ സ്ഥാപനമായ ഹെഡ്വാട്ടേഴ്സ് ഇക്കണോമിക്സ് 2018-ൽ നടത്തിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണിത്. 2019-ൽ വൈറ്റ് സാൻഡ്സ് ദേശീയ സ്മാരകം ദേശീയോദ്യാനമായി മാറിയതിനെക്കുറിച്ചായിരുന്നു റിപ്പോർട്ടിലെ പരാമർശം. ദേശീയോദ്യാനങ്ങളിൽ ദേശീയ സ്മാരകങ്ങളെക്കാൾ ഉയർന്ന സന്ദർശക നിരക്ക് സാധാരണയായി ഉണ്ടാകാറുണ്ടെന്നും, ഇത് ഒരു സന്ദർശകന്റെ ചെലവ് വർധിക്കുന്നതിനും കൂടുതൽ രാത്രി താമസങ്ങൾക്കും കാരണമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതായത്, സമീപ ഭാവിയിൽ ചിരികാഹുവ ദേശീയോദ്യാനത്തിലും സമീപപ്രദേശങ്ങളിലും ടൂറിസം നിരക്ക് ഉയരാൻ സാധ്യതയുണ്ട്. ഇത് സമീപ നഗരങ്ങളിൽ തിരക്ക്, ഗതാഗതക്കുരുക്ക്, വികസന പ്രവർത്തനങ്ങളുടെ വർധന എന്നിവയ്ക്കും വഴിവെച്ചേക്കാം.
ചിരികാഹുവ ദേശീയോദ്യാനത്തിനടുത്ത് താമസസൗകര്യം എവിടെ?
മറ്റ് പല ദേശീയോദ്യാനങ്ങളെയും പോലെ, ചിരികാഹുവയും ഒറ്റപ്പെട്ട പ്രദേശത്താണ്. അതിനാൽ സമീപത്ത് താമസസൗകര്യങ്ങൾ അധികമില്ല. ചിരികാഹുവ ദേശീയോദ്യാനത്തോട് ഏറ്റവും അടുത്ത നഗരമായ വിൽകോക്സ് (ആരിസോണ) കാറിൽ ഏകദേശം 30 മുതൽ 45 മിനിറ്റ് അകലെയാണ്. ദൂരെ നിന്നെത്തുന്ന സന്ദർശകർ സാധാരണയായി വിമാനമാർഗം എത്തുന്ന ടക്സണിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ യാത്രയുണ്ട്. ബിസ്ബീ, ഡഗ്ലസ്, പോർട്ടൽ, ബൗവി തുടങ്ങിയ ചെറിയ നഗരങ്ങളും പട്ടണങ്ങളും ഉദ്യാനത്തിൽ നിന്ന് 100 മൈലിനുള്ളിൽ ചിതറിക്കിടക്കുന്നുണ്ട്. എന്നാൽ താമസസ്ഥലത്തുനിന്ന് ഉദ്യാനത്തിലേക്കുള്ള യാത്ര താരതമ്യേന ദൈർഘ്യമേറിയതായിരിക്കുമെന്ന് മുൻകൂട്ടി കണക്കാക്കണം. നക്ഷത്രങ്ങൾക്കു കീഴിൽ ഉറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബോണിറ്റ കാന്യൻ ക്യാമ്പ്ഗ്രൗണ്ടിൽ ഉദ്യാനത്തിനുള്ളിൽത്തന്നെ ക്യാമ്പ് ചെയ്യാം.


