രാജി വാർത്തകൾ തള്ളി ആർ. ശ്രീലേഖ; ആശുപത്രിയിൽ സന്ദർശനം നടത്തി ബി.ജെ.പി നേതാക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാംഗം ആർ ശ്രീലേഖ തൽസ്ഥാനം ഒഴിഞ്ഞു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് വ്യക്തമാക്കി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന അവരെ നേരിൽ കണ്ടതിന്റെ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചില ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ, ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ കൃത്യമായി ചെയ്തുതീർക്കാൻ സാധിക്കുന്നില്ലേ എന്ന ആശങ്ക അവർക്കുണ്ടായിരുന്നു എന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ശ്രീലേഖ രാജി വെച്ചു എന്ന വാർത്ത തികച്ചും വ്യാജമാണ്. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് കൂറുമാറുമെന്നോ, സ്ഥാനമാനങ്ങൾ ലഭിക്കാത്തതിനാൽ നേതൃത്വവുമായി വിലപേശുകയാണെന്നോ ഒക്കെയുള്ള മാധ്യമങ്ങളുടെ കെട്ടുകഥകൾ മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് എസ് സുരേഷ് തുറന്നടിച്ചു.
അതേസമയം, കൗൺസിലർ പദവി ഒഴിയാനുള്ള തീരുമാനത്തിൽ നിന്നും ആർ ശ്രീലേഖ പിന്മാറിയേക്കുമെന്ന സൂചനകൾ മുൻപ് തന്നെ പുറത്തുവന്നിരുന്നു. മുതിർന്ന നേതാക്കളുമായി നടന്ന അനുരഞ്ജന ചർച്ചകൾക്കൊടുവിലാണ് ഈയൊരു മാറ്റമെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അവരുമായി ചർച്ച നടത്തിയിരുന്നു. നഗരസഭയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജി ചിന്തയിലേക്ക് നയിച്ചത്. ഈ വിഷയങ്ങളിലെല്ലാം ശ്രീലേഖയ്ക്ക് ആവശ്യമായ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ശ്രീലേഖ ചേച്ചിയെ ആശുപത്രിയിൽ പോയി കണ്ടു. കുറച്ചുകാലമായി അസുഖങ്ങൾ അവരെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ജനസേവന രംഗത്തെ ചുമതലകൾ ഭംഗിയായി നിറവേറ്റാൻ കഴിയുന്നുണ്ടോ എന്ന ആശങ്ക അവർക്ക് ഉണ്ടായിരുന്നു. ആ വിഷമം ഏറ്റവും അടുത്ത സുഹൃത്തുക്കളെ അറിയിച്ചതാണ്, എന്നാൽ ദൗർഭാഗ്യവശാൽ അത് അനാവശ്യമായ മാധ്യമ ചർച്ചകൾക്ക് വഴിമാറി. ആർ. ശ്രീലേഖ സ്ഥാനം ഒഴിഞ്ഞു എന്ന വാർത്ത തികച്ചും തെറ്റാണ്.
മറ്റ് രാഷ്ട്രീയ ചേരികളിലേക്ക് പോകുമെന്നും, അധികാരമോഹത്തിന്റെ പുറത്ത് പാർട്ടിയോട് വിലപേശുകയാണെന്നും ഒക്കെയുള്ള മാധ്യമങ്ങളുടെ വ്യാജപ്രചാരണങ്ങൾ സാമാന്യമര്യാദയ്ക്ക് നിരക്കാത്തതാണ്. തിരുവനന്തപുരത്തെ ബിജെപി ഭരണം ഉടൻ വീഴും എന്നൊക്കെ ചിലർ പകൽക്കിനാവ് കാണുന്നുണ്ട്. ആ വ്യാമോഹങ്ങൾ ഇപ്പോൾത്തന്നെ മാറ്റിവെച്ചോളൂ, ഈ അഞ്ച് വർഷം മാത്രമല്ല വരുന്ന കാലങ്ങളിലും തിരുവനന്തപുരം നഗരം ബിജെപി തന്നെ ഭരിക്കും. രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും ഡിജിപിയുമായ അവരെ കെ. സുരേന്ദ്രനാണ് പാർട്ടിയിലേക്ക് കൊണ്ടുവന്നത്. അന്നുമുതൽ ഇന്നുവരെ പാർട്ടിയോട് പൂർണ്ണ നീതി പുലർത്താൻ അവർക്ക് സാധിച്ചിട്ടുണ്ട്.
സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന പദവിയിൽ മികച്ച സേവനമാണ് അവർ കാഴ്ചവെക്കുന്നത്. പാർട്ടി ആവശ്യപ്പെട്ടപ്പോൾ ഒരു കൗൺസിലർ സ്ഥാനാർത്ഥിയായി ജനവിധി തേടാൻ തയ്യാറായതുതന്നെ അവർക്ക് സംഘടനാത്തോടുള്ള ആത്മാർത്ഥത വ്യക്തമാക്കുന്നു. മൂന്ന് ദിവസമായി നടന്ന പാർട്ടിയുടെ ജില്ലാ ക്യാമ്പിൽ ഒരു സാധാരണ പ്രവർത്തകയെപ്പോലെ ശ്രീലേഖയും സജീവമായിരുന്നു. അഴിമതിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയിട്ടുള്ള അവർക്ക് കള്ളപ്പണമോ അനധികൃത സമ്പാദ്യമോ ഇല്ല. തന്റെ പെൻഷൻ തുക മാറ്റിവെച്ചാണ് അവർ സ്വന്തം വാർഡിലെ ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യുന്നത്.
പരമ്പരാഗത രാഷ്ട്രീയ ശൈലിയുള്ള വ്യക്തിയല്ല ആർ. ശ്രീലേഖ, അവരൊരു സ്ത്രീയാണ്, ഒരമ്മയാണ്… ജനങ്ങളുടെ നന്മയ്ക്കായി അവർ എപ്പോഴും മുൻപന്തിയിലുണ്ടാകും. എത്രയും വേഗം രോഗമുക്തി നേടട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എനിക്കൊപ്പം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമനും ഉണ്ടായിന്നു. ജില്ലാ അധ്യക്ഷൻ കരമന ജയനും മേയർ വി. വി. രാജേഷും ആശുപത്രിയിലെത്തി അവരെ സന്ദർശിച്ചിരുന്നു.
Source link



