യൂറോപ്പിൽ ആളിക്കത്തുന്ന പ്രതിഷേധം; അൽബേനിയയിലും പോർച്ചുഗലിലും തെരുവിലിറങ്ങി ജനങ്ങൾ

ടിരാന/പാരിസ്∙ അൽബേനിയയുടെ തലസ്ഥാന നഗരിയായ ടിരാനയിൽ ഭരണകൂടത്തിനെതിരായ ജനരോഷം ആളിക്കത്തുന്നു. പ്രധാനമന്ത്രി എഡി റാമ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഓഫിസിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ, ചർച്ചയ്ക്കായി അവിടെ ഒരുക്കിയിരുന്ന കസേരകൾ തീയിട്ടു നശിപ്പിച്ചു. അഴിമതി, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ ശോചനീയാവസ്ഥ എന്നിവയ്ക്കെതിരെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ശക്തമായ പ്രക്ഷോഭത്തിലാണ്. സർക്കാർ ഓഫിസുകൾക്കു നേരെയും വ്യാപകമായ ആക്രമണങ്ങൾ അരങ്ങേറി.
അതേസമയം, ഫ്രാൻസിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഒക്ടോബർ 31-ന് വീണ്ടും പ്രതിഷേധപ്രകടനങ്ങൾക്കും നവംബർ 5-ന് രാജ്യവ്യാപകമായ പണിമുടക്കിനും വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം നൽകിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രതിഷേധ മാർച്ചിൽ 4,10,000 പേരാണ് അണിനിരന്നത്. മുൻപ് ഉണ്ടായതുപോലെ അക്രമങ്ങളും അരാജകത്വവും ഉണ്ടാകാതിരിക്കാൻ 70,000 പൊലീസുകാരെയാണ് സർക്കാർ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ശനിയാഴ്ച ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലും പൊലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുകൾ നടന്നു. ഇറ്റലിയുടെ പല ഭാഗങ്ങളിലും പ്രക്ഷോഭങ്ങൾ വ്യാപിക്കുകയാണ്. പോർച്ചുഗലിലെ ലിസ്ബനിൽ രൂക്ഷമായ ഭവനപ്രതിസന്ധിക്കെതിരെ സമരം ചെയ്തിരുന്നവരുടെ ക്യാംപ് പൊലീസ് ബലമായി ഒഴിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ 25 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.




