30 അടി താഴ്ചയിലേക്ക് വീണ യുവാവിന് പുതുജീവൻ; വനപാലകരുടെ ധീരതയ്ക്ക് കൈയടിച്ച് നാട്

അടിമാലിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ പൊലീസ് ആദരിച്ചു. പാറമ്പുഴ ഫോറസ്റ്റ് ഹൈറേഞ്ച് സർക്കിൾ ഓഫീസിലെ ജീവനക്കാരായ പി.എസ്. ബിനോയ്മോൻ, സി.പി. യദുകൃഷ്ണൻ, അനൂപ തോമസ് എന്നിവർക്കാണ് അഭിനന്ദനങ്ങൾ ലഭിച്ചത്.
ഒക്ടോബർ 19-ന് കൊച്ചി-മധുര ദേശീയപാതയിൽ അടിമാലി വാളറ മൂന്നുകലുങ്കിന് സമീപമായിരുന്നു ദാരുണമായ സംഭവം. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഏകദേശം 30 അടി താഴ്ചയിലേക്ക് വീണ ബൈക്കിലുണ്ടായിരുന്നത് പറവൂർ സ്വദേശികളായ ആദിത്യൻ (21), ഭഗത് കൃഷ്ണ (21) എന്നിവരായിരുന്നു. അപകടത്തിൽ ആദിത്യൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഭഗത് കൃഷ്ണയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
മൂന്നാറിലേക്കുള്ള യാത്രാമധ്യേ ഗതാഗത തടസ്സം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ വിവരമന്വേഷിച്ചപ്പോഴാണ് അപകടം നടന്ന കാര്യം മനസ്സിലാക്കുന്നത്. ഉടൻ തന്നെ ബിനോയ്മോനും യദുകൃഷ്ണനും കൊക്കയിലേക്ക് ഇറങ്ങിച്ചെന്നു. പുഴയോരത്തെ പാറക്കെട്ടിൽ വീണുകിടന്ന ബൈക്കിന് സമീപം അവശനിലയിൽ ഭഗതിനെ കണ്ടു. ജീവൻ തുടിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ, യദുവിന്റെ മുണ്ട് ഉപയോഗിച്ച് സ്ട്രെച്ചർ സജ്ജമാക്കി ഭഗതിനെ സാഹസികമായി റോഡിലെത്തിച്ചു. ഈ ദൗത്യത്തിൽ അനൂപയും ഒപ്പമുണ്ടായിരുന്നു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഭഗത് ഇപ്പോൾ.
ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. നസീം പ്രത്യേകമായി അഭിനന്ദിച്ചു. ഹൈറേഞ്ച് സർക്കിളിലെ സെലക്ഷൻ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവറാണ് ബിനോയ്മോൻ, ജി.ഐ.എസ് വിദഗ്ദ്ധനാണ് യദുകൃഷ്ണൻ, കൺസർവേഷൻ ബയോളജിസ്റ്റാണ് അനൂപ.
Source link



