വീട്ടിൽ മദ്യശേഖരം: ആന്റോ അഗസ്റ്റിന്റെ ഭാര്യവീട്ടിൽ അപ്രതീക്ഷിതമായി എക്സൈസ് സംഘം

ബത്തേരി ∙ വയനാട് വാഴവറ്റയിലുള്ള വീട്ടിൽനിന്ന് വൻതോതിൽ മദ്യശേഖരം പിടികൂടിയ സംഭവത്തിൽ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാവീട്ടിലെത്തി എക്സൈസ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു. വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നും, അത് ഭാര്യാമാതാവ് ലില്ലി ജോസിന്റേതാണെന്നുമുള്ള ആന്റോയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബത്തേരി കോളിയാടിയിലുള്ള വീട്ടിലെത്തി ലില്ലിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെയാണ് വാഴവറ്റയിലെ വീട്ടിൽനിന്ന് 67 ലീറ്ററിലേറെ മദ്യം കണ്ടെത്തിയത്. പൊലീസ് നിർദ്ദേശപ്രകാരം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 43 ലീറ്റർ വിദേശമദ്യം, ഏകദേശം 4.824 ലീറ്റർ വിദേശ നിർമ്മിത വൈൻ, അഞ്ചര ലീറ്റർ കേരള നിർമ്മിത വൈൻ, 860 മില്ലി ലീറ്റർ മിലിറ്ററി മദ്യം എന്നിവയാണ് കണ്ടെടുത്തത്. അബ്കാരി നിയമത്തിലെ 55 ഐ, 55 എ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അനധികൃതമായി മദ്യം സൂക്ഷിച്ചു, വിൽപനയ്ക്കായി കരുതി, വ്യാജമദ്യമായി കണക്കാക്കാവുന്ന വസ്തുക്കൾ കൈവശം വെച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ നേരത്തെ അറസ്റ്റിലായിരുന്ന ആന്റോ അഗസ്റ്റിന് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.




