KAUMUDI
കെ.എസ്.ഇ.ബി മീറ്റർ റീഡർമാരുടെ സമരം ഒത്തുതീർന്നു; ആശങ്കയൊഴിഞ്ഞ് ഉപയോക്താക്കൾ

തിരുവനന്തപുരം: വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബിയിലെ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന മീറ്റർ റീഡർമാർ നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. മന്ത്രി സണ്ണിജോസഫുമായി ഓൾ കേരള മീറ്റർ റീഡേഴ്‌സ് കൂട്ടായ്മയുടെ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്നും, കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം വരുന്ന വ്യാഴാഴ്ച വിഷയം ചർച്ച ചെയ്യാമെന്നും മന്ത്രി ഉറപ്പ് നൽകി. ഇതേതുടർന്നാണ് സമരം അവസാനിപ്പിക്കാനും മീറ്റർ റീഡിംഗ് ജോലികൾ പുനരാരംഭിക്കാനും തീരുമാനിച്ചത്. സമരം കാരണം കെ.എസ്.ഇ.ബിയുടെ വൈദ്യുതി ബിൽ വിതരണം തടസ്സപ്പെട്ടതിനെ തുടർന്നാണ് മന്ത്രി അടിയന്തര ചർച്ചയ്ക്ക് വഴിയൊരുക്കിയത്. എന്നാൽ സമരത്തിൽ പങ്കെടുത്തവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന കടുത്ത നിലപാടിലായിരുന്നു കെ.എസ്.ഇ.ബി മാനേജ്‌മെന്റ്. സംഘടനയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡൻ്റ് കണ്ണൻ തലവടി, ജനറൽ സെക്രട്ടറി രാമേഷ്‌രാജൻ, ഭാരവാഹികളായ രഞ്ജിത്ത്, ജിജുരാജ് എന്നിവർ ചർച്ചയിൽ സന്നിഹിതരായിരുന്നു.
Source link
Source link



