കണ്ണീരൊഴുക്കിയ വീട്ടിലേക്ക് പുഞ്ചിരി തിരികെ നൽകി; കിണറ്റിൽ വീണ ഒന്നരവയസ്സുകാരന് അത്ഭുത രക്ഷപ്പെടൽ

എരുമേലി ∙ തുമരംപാറയിൽ വീട്ടുുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പത്തടി താഴ്ചയുള്ള കിണറ്റിൽ വീണ ഒന്നര വയസ്സുകാരന് അത്ഭുതകരമായ രക്ഷപ്പെടൽ. സമീപത്തെ പറമ്പിൽ പണിയെടുക്കുകയായിരുന്ന വ്യക്തി ഉടൻ തന്നെ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഗുരുതര പരിക്കുകളില്ലാത്ത കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കാവുങ്കൽ ജയിംസ് – ജോസ്‌നി ദമ്പതികളുടെ ഇളയ മകൻ എയ്ദൻ ആണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. അപകടസമയത്ത് കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിനോടു ചേർന്ന് ചുറ്റുമതിലില്ലാത്ത കിണറ്റിൽ കുഞ്ഞ് കിടക്കുന്നത് കണ്ടത്.
കിണറ്റിൽവെച്ചും പുറത്തെടുത്തശേഷവും കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും എത്തിച്ച കുഞ്ഞിനെ, നില മെച്ചപ്പെട്ടെങ്കിലും തുടർചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Source link




