MANORAMA

പയ്യാമ്പലം അപ്പാർട്ട്മെന്റ് തീപിടിത്തം: രക്ഷാപ്രവർത്തനത്തിന് വിഘാതമായി ഇടുങ്ങിയ വഴികൾ; ആശങ്കയൊഴിയാതെ അഗ്നിരക്ഷാ സേന

കണ്ണൂർ പയ്യാമ്പലം കനിയിൽപ്പാലം റോഡിലുള്ള റെയിൻബോ അപ്പാർട്‌മെന്റിലെ ഒൻപതാം നിലയിൽ വൻ തീപിടിത്തം. സി വിൻഡ് ബ്ലോക്കിലെ 9സി വൺ ഫ്ലാറ്റിലാണ് തീ പടർന്നത്. ഫ്ലാറ്റിലെ താമസക്കാർ പുറത്തുപോയ സമയത്തായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായതെങ്കിലും, വീട്ടിനുള്ളിലെ മുഴുവൻ സാധനസാമഗ്രികളും അഗ്നിക്കിരയായി.

അപ്പാർട്‌മെന്റിനു പിന്നിലായുള്ള കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ജീവനക്കാരാണ് കെട്ടിടത്തിൽനിന്നും പുക ഉയരുന്നത് ആദ്യം ശ്രദ്ധിച്ചത്. ഉടൻതന്നെ ആശുപത്രിയിലെ ഫയർ ആൻഡ് സേഫ്റ്റി ഇൻ ചാർജായ കൃഷ്ണപ്രസാദ് സ്ഥലത്തെത്തി ഫയർ എക്സ്റ്റിങ്ഗ്യുഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമം നടത്തി. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ കൃഷ്ണപ്രസാദും സുഹൃത്തുക്കളും ചേർന്നാണ് അതേ നിലയിലുണ്ടായിരുന്ന അനൂപ്, സുശീല എന്നിവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. തൊട്ടുപിന്നാലെ അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകളെത്തി തീയണച്ചു. അപ്പോഴേക്കും കെട്ടിടം പൂർണമായും പുകയിൽ മൂടിയിരുന്നു. അഗ്നിരക്ഷാസേന എത്തുന്നതിന് മുൻപ് തന്നെ താമസക്കാരെ കെട്ടിടത്തിൽ നിന്നും സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള നടപടികൾ നടന്നിരുന്നു.

റീജിയണൽ ഫയർ ഓഫിസർ എം.ജി. രാജേഷ്, സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരാണ് ഈ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവർ ജോലിസ്ഥലത്തായിരുന്ന സമയത്താണ് അപകടമുണ്ടായത്. തീപിടിത്തത്തിൽ ഫ്ലാറ്റിന്റെ സെൻട്രൽ ഹാൾ, കിടപ്പുമുറി, വയറിങ് എന്നിവ പൂർണമായും കത്തിനശിക്കുകയും ജനൽച്ചില്ലുകൾ തകരുകയും ചെയ്തു.

സുരക്ഷാ നിർദേശങ്ങൾ: വീടുകളിലും ഫ്ലാറ്റുകളിലും ഓഫിസുകളിലും സ്മോക് അലാമുകൾ സ്ഥാപിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ഫയർ അലാമുകളും അഗ്നിശമന ഉപകരണങ്ങളും കരുതി വെക്കണം. ഇവ എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് എല്ലാവർക്കും അറിവുണ്ടായിരിക്കണം. ഫയർ എക്സ്റ്റിങ്ഗ്യുഷറുകളിലെ കാലാവധി കൃത്യമായി പരിശോധിക്കുകയും സമയബന്ധിതമായി സർവീസിംഗും റീഫില്ലിംഗും ഉറപ്പാക്കുകയും ചെയ്യുക. ഫ്ലാറ്റ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ആറുമാസത്തിലൊരിക്കൽ അഗ്നിരക്ഷാ പരിശീലനം നടത്തുന്നത് വലിയ അപകടങ്ങൾ തടയാൻ സഹായിക്കും.

Source link

Related Articles

Back to top button